റോഡിലേക്ക് തുറന്ന് ഓട പഞ്ചായത്ത് അടച്ചു, സാമൂഹികവിരുദ്ധർ തുറന്നു

Mail This Article
രാജാക്കാട് ∙ ടൗണിലെ ഐഒസി പമ്പിന് സമീപം മലിനജലം റോഡിലേക്കാെഴുകുന്ന ഓട പഞ്ചായത്ത് ഇടപെട്ട് അടച്ചെങ്കിലും സാമൂഹിക വിരുദ്ധർ ഇതു വീണ്ടും തുറന്നുവിട്ടു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വഴിയാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും മലിനജലം തെറിക്കുന്നതായി നാട്ടുകാർ പറയുന്നു. റോഡ് വികസനം നടപ്പാക്കിയപ്പോൾ ഇവിടെയുണ്ടായിരുന്ന ഓടകൾ നികത്തിയതാണ് മലിനജലം റോഡിലേക്കാെഴുകാൻ കാരണമെന്നാണ് പരാതി. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ലൈസൻസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ മറികടന്ന് ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുകയാണെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിലൂടെ കടന്നു പോകുന്ന ഓടയിലൂടെയും വൻതോതിൽ മലിനജലം ഒഴുക്കുന്നത് പതിവാണ്. സമ്പൂർണ ശുചിത്വ പദവി ലഭിച്ച രാജാക്കാട് പഞ്ചായത്തിലാണ് ഇൗ ദുരവസ്ഥ.