മലങ്കര ഡാമിൽ ജലനിരപ്പ് 41.50 മീറ്റർ; 4 ഷട്ടറുകൾ ഉയർത്തി

Mail This Article
മുട്ടം∙ മലങ്കര ഡാമിലേക്കുള്ള നീരൊഴുക്കും മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉൽപാദനവും വർധിപ്പിച്ചതോടെ മലങ്കര ജലാശയത്തിലെ ജലനിരപ്പ് 41.50 മീറ്ററിൽ എത്തി. ഇതോടെ അണക്കെട്ടിന്റെ 4 ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഓരോ ഷട്ടറുകളും 80 സെന്റിമീറ്റർ വീതം വരെ ഉയർത്തിയിട്ടുണ്ട്. പരമാവധി ജലനിരപ്പായ 41.50 മീറ്റർ വരെ എത്തുന്ന സാഹചര്യം ഉണ്ടായാൽ ഒരു മീറ്റർ വരെ ഷട്ടർ ഉയർത്തുന്നതിന് കലക്ടർ അനുമതി നൽകി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലങ്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ ശക്തമായിരുന്നില്ല. എന്നാൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം കൂട്ടിയതിനാൽ അണക്കെട്ടിലേക്ക് കൂടുതൽ വെള്ളം എത്തിച്ചേരുന്നുണ്ട്. മഴ ശക്തിയാർജിച്ചതോടെ ഇടത് - വലത് കര കനാലുകൾ വഴി വെള്ളം ഒഴുക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. മലങ്കര ചെറുകിട വൈദ്യുതി നിലയത്തിൽ നിന്ന് ഇന്നലെ 1.04 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.