ADVERTISEMENT

മൂന്നാർ∙ പശുവിനെയല്ല, ആടിനെ വളർത്തി മികച്ച ക്ഷീരകർഷകനായ കനകരാജിനു തന്റെ സമ്പാദ്യമെല്ലാം നഷ്ടമായത് ഒറ്റദിവസം കൊണ്ട്. മൂന്നു വർഷം മുൻപാണ് വട്ടവട പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ടത്. ജീവിതമാർഗമായി പോറ്റിവളർത്തിയിരുന്ന 42 ആടുകളെയാണു കഴിഞ്ഞ ദിവസത്തെ കാട്ടുനായ ആക്രമണത്തിൽ നഷ്ടമായത്. വട്ടവട പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുള്ള ചിലന്തിയാർ സ്വദേശിയാണു കനകരാജ്. 10 വർഷം മുൻപാണ്, 

കൂലിപ്പണിക്കാരനായിരുന്ന കനകരാജ് രണ്ട് ആടുകളുമായി വളർത്തലാരംഭിച്ചത്.ഭാര്യ രാമലക്ഷ്മിയും (പാപ്പാ–46) കനകരാജിന്റെ സഹായത്തിനൊപ്പമുണ്ട്. ആട്, പശു എന്നിവയെ വളർത്തി ലഭിച്ച വരുമാനം കൊണ്ടാണ് അഞ്ചു മക്കളെയും വളർത്തിയതും പഠിപ്പിച്ചതും. രണ്ട് പെൺമക്കളെ കെട്ടിച്ചയച്ചു. രണ്ട് ആൺമക്കളും ഭാര്യമാരും മക്കളും കനകരാജിനൊപ്പമാണ് കഴിയുന്നത്.

 ഇളയ മകൻ തിരുവനന്തപുരത്ത് അധ്യാപകനാണ്. വീട്ടിലുള്ള രണ്ട് ആൺമക്കളും കൂലിപ്പണിക്കാരാണ്. ഇവരടങ്ങുന്ന പത്തംഗ കുടുംബത്തിന്റെ ഉപജീവനമാർഗമാണ് കാട്ടുനായകൾ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. 2021ൽ കനകരാജിനു വട്ടവട പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. വട്ടവട വെറ്ററിനറി സർജൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ആടുകളുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് തന്നെ മറവ് ചെയ്തിരുന്നു.

സംഭവം കനകരാജിന്റെ വാക്കുകളിൽ..
ചൊവ്വാഴ്ച വൈകിട്ട് 5നു നാലു കന്നുകാലികളെയും 42 ആടുകളെയും വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പുൽമേട്ടിൽ മേയ്ക്കുന്നതിനിടയിലാണ് 20 ലധികം കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തിയത്. അവ ആടുകളെ ആക്രമിച്ചു. ഞാൻ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ സാധിക്കാതെ വന്നതോടെ വീട്ടിലേക്ക് ഓടി. പശുക്കളും ഓടി രക്ഷപ്പെട്ടു. എന്നാൽ ആടുകൾക്ക് ഓടാനായില്ല.

വീട്ടിലെത്തി അയൽവാസികളുമായി സന്ധ്യയോടെ സ്ഥലത്തെത്തിയപ്പോഴേക്കും മിക്കതിനെയും നായ്ക്കൾ കടിച്ചു കൊന്ന് തിന്നിരുന്നു . 27 എണ്ണത്തിന്റെ അവശിഷ്ടങ്ങൾ അവിടെത്തന്നെ കണ്ടെത്തി. ബാക്കി 15 ആടുകളെ കാണാതായി. ഇവയെ കടിച്ചെടുത്തു കാട്ടിലേക്ക് കൊണ്ടു പോയതായിരിക്കും. 4 ലക്ഷത്തിലധികം രൂപയാണ് നഷ്ടം. വിതുമ്പലോടെ വട്ടവടയുടെ മികച്ച ക്ഷീര കർഷകൻ പറയുന്നു...

മൂന്നാറിൽ പശുവിനെ  കടുവ തിന്നു
മൂന്നാർ ∙ തോട്ടം മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം, മേയാൻ വിട്ടിരുന്ന ഗർഭിണി പശുവിനെ കടുവ കൊന്നു തിന്നു. കടലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ സ്റ്റീഫന്റെ 9 മാസം ഗർഭിണിയായ പശുവിനെയാണു കൊന്നത്. ബുധനാഴ്ച മേയാൻ വിട്ടിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ 11-ാം നമ്പർ ഫീൽഡിൽ പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മേഖലയിൽ രണ്ട് കടുവകൾ ഉള്ളതായി തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കടലാർ ഫാക്ടറി, ഈസ്റ്റ് ഡിവിഷനുകളിലായി 10 പശുക്കളെയാണ് കടുവ കൊന്നു തിന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com