ഓൺലൈൻ തട്ടിപ്പ്: അഹമ്മദാബാദിൽ പ്രതികളെ കണ്ടെത്താനായില്ല

Mail This Article
മൂന്നാർ∙ ഓൺലൈൻ തട്ടിപ്പ് വഴി വട്ടവട സ്വദേശികൾക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് സംഘം ഗുജറാത്തിൽ എത്തി അന്വേഷണം നടത്തിയെങ്കിലും തട്ടിപ്പു സംഘത്തെ കണ്ടെത്താനായില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സംഘം തട്ടിയെടുത്തത് കോടികൾ. ദേവികുളം എസ്ഐ സന്തോഷ് ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തട്ടിപ്പ് സംഘം ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പിന്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തിയത്.
അഹമ്മദാബാദിലെ ഒരു കാലിത്തീറ്റ കടയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. കെട്ടിട ഉടമയുമായി കരാറിൽ ഏർപ്പെട്ടവരെക്കുറിച്ച് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബറിലാണ് വട്ടവടയിൽ 16 പേർക്ക് ഓൺലൈൻ ഇടപാടിലൂടെ ലക്ഷങ്ങൾ നഷ്ടമായത്.