ടിക്കറ്റ് നൽകാതെ പണം വാങ്ങി; കെഎസ്ആർടിസി ബസ് കണ്ടക്ടറെ വിജിലൻസ് പിടികൂടി

Mail This Article
മൂന്നാർ ∙ യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് വിഭാഗം പിടികൂടി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ പള്ളിവാസൽ ആറ്റുകാട് സ്വദേശി രമേശ് ഖന്ന(49)യെയാണു തിരുവനന്തപുരത്തു നിന്നുള്ള കെഎസ്ആർടിസി വിജിലൻസ് സംഘം ഇന്നലെ രാവിലെ പിടികൂടിയത്. 2018ലും ഇതേ രീതിയിൽ രമേശ് ഖന്നയെ പിടികൂടിയിരുന്നു.
ഇന്നലെ രാവിലെ 7നു മൂന്നാറിൽ നിന്നു തേനിക്കു പോയ ബസിൽ പൂപ്പാറയ്ക്കു സമീപത്തു നിന്നു കയറിയ വിജിലൻസ് ഉദ്യോഗസ്ഥരാണു തട്ടിപ്പു കണ്ടെത്തിയത്. 4 യാത്രക്കാരിൽ നിന്ന് ഇയാൾ ടിക്കറ്റ് നൽകാതെ പണം വാങ്ങിയെന്നും 3 പേർക്കു ടിക്കറ്റ് നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2018ൽ കുമളിയിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇതേ റൂട്ടിൽ 8 യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ ഇയാൾ സസ്പെൻഷനിലായിരുന്നു.
ജോലിയിൽ തിരികെ കയറിയ രമേശ് തട്ടിപ്പു തുടരുന്നതായി ലഭിച്ച പരാതിയെത്തുടർന്നാണു പ്രത്യേക സംഘം ഇന്നലെ പരിശോധന നടത്തി ഇയാളെ പിടികൂടിയത്. ഇന്നലെ കണ്ടക്ടർ പിടിയിലായതിനെത്തുടർന്നു മറ്റൊരു കണ്ടക്ടറെ ഡിപ്പോയിൽ നിന്നു വരുത്തിയാണു സർവീസ് നടത്തിയത്. രമേഖ് ഖന്നയ്ക്കെതിരെയുള്ള വകുപ്പുതല നടപടികൾ ഉടനുണ്ടാകും.