ഗതാഗതം സുഗമമാക്കാൻ സൗകര്യങ്ങൾ ഒന്നുമില്ല; മഴക്കുഴി നിറഞ്ഞ് ബസ് സ്റ്റാൻഡ്, മൂന്നാറിൽ യാത്ര ദുരിതം

Mail This Article
മൂന്നാർ ∙ മഴക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി. സ്റ്റാൻഡിനുള്ളിലെ വൻകുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിയിലും മഴവെള്ളത്തിലും ചവിട്ടിയാണു യാത്രക്കാർ ബസുകളിൽ കയറുന്നത്. ദേവികുളം റോഡിലെ ടാക്സി സ്റ്റാൻഡിലാണു മൂന്നാറിലെ ബസ് സ്റ്റാൻഡ് കഴിഞ്ഞ ആറു വർഷമായി പ്രവർത്തിക്കുന്നത്. ടാക്സി സ്റ്റാൻഡിൽ രണ്ടു നിരകളായാണു ബസുകൾ പാർക്ക് ചെയ്യുന്നത്. പാർക്കു ചെയ്യുന്ന ഇടങ്ങളിലാണു വൻ കുഴികൾ രൂപപ്പെട്ട് ചെളിയും മഴവെള്ളവും കെട്ടിക്കിടക്കുന്നത്. കയറി നിൽക്കാൻ പോലും സൗകര്യമില്ലാത്ത സ്റ്റാൻഡിൽ ഈ കുഴികളിൽ ചവിട്ടിയാണു യാത്രക്കാർ ബസുകളിൽ കയറുന്നത്.
കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ വസ്ത്രങ്ങളിൽ പറ്റുന്ന ചെളിവെള്ളത്തോടൊപ്പമാണു ബസുകളിൽ കയറുന്നത്. ടൗണിൽ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് 2018 ലാണ് നീലക്കുറിഞ്ഞി സീസണിലെ തിരക്ക് കണക്കിലെടുത്ത് പോസ്റ്റ് ഓഫിസ് കവലയിലെ ടാക്സി സ്റ്റാൻഡിനുള്ളിലേക്കു പ്രവർത്തനം മാറ്റിയത്. യാത്രയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കുമെന്നായിരുന്നു ബസ് സ്റ്റാൻഡ് മാറ്റുന്ന വേളയിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ബെംഗളൂരു അടക്കമുളള ദീർഘദൂര ബസുകൾ ഉൾപ്പെടെ 65ലധികം സർവീസുകളാണു മൂന്നാറിൽ നിന്നുള്ളത്. വിദേശികളടക്കമുള്ള യാത്രക്കാർക്കു ബസ് കാത്തുനിൽക്കുന്നതിനോ മഴ പെയ്യുമ്പോൾ കയറി നിൽക്കാനോ ഇരിക്കാനോ സൗകര്യം 6 വർഷമായി ഒരുക്കിയിട്ടില്ല.