സ്കൂൾ മൈതാനത്ത് ഉണങ്ങിയ മരങ്ങൾ; കുട്ടികളുടെ സുരക്ഷ കളിയല്ല, കേട്ടോ

Mail This Article
അടിമാലി ∙ ഗവ. ഹൈസ്കൂൾ മൈതാനത്ത് ഉണങ്ങിയത് ഉൾപ്പെടെ അപകടാവസ്ഥയിൽ നിൽക്കുന്ന വൻ മരങ്ങൾ മുറിച്ചു നീക്കാൻ നടപടിയില്ല. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ എണ്ണൂറോളം കുട്ടികളാണ് ഇവിടെ പഠനത്തിന് എത്തുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും അധികൃതർ ചെവിക്കൊള്ളാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്കൂളിന് ചുറ്റും ഒരു ഡസനിലേറെ വൻ മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നിലകൊള്ളുന്നത്.
കാലവർഷം ശക്തമായതോടെ ഉണങ്ങിയ മരം ഉൾപ്പെടെയുള്ളവ കടപുഴകി വീഴാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. മഴ കനത്തതോടെ ഇവയിൽ പലതും കടപുഴകി വീഴുമെന്ന സാഹചര്യം കുട്ടികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും താലൂക്ക് ആശുപത്രി ക്വാർട്ടേഴ്സുകൾക്കും ഭീഷണി ഉയർത്തുന്നു. ഇത്തരം സാഹചര്യത്തിൽ അപകടത്തിനു കാത്തു നിൽക്കാതെ മരങ്ങൾ മുറിച്ചു നീക്കാൻ ജില്ലാ ഭരണകൂടം പഞ്ചായത്ത്, സോഷ്യൽ ഫോറസ്ട്രി വകുപ്പുകൾക്കു നിർദേശം നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്.