ADVERTISEMENT

തൊടുപുഴ∙ വന്യജീവി ശല്യം നിയന്ത്രിക്കാൻ വനംവകുപ്പും ജില്ലാ ഭരണകൂടവും നടപ്പാക്കിയ പദ്ധതികളെയെല്ലാം വെല്ലുവിളിച്ചു വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതു പതിവാകുന്നു. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് വിവരം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 7 ഫോറസ്റ്റ് എമർജൻസി സെന്ററുകൾ ജില്ലയിൽ ആരംഭിച്ചതാണു മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് നടപ്പാക്കിയ അവസാനത്തെ പദ്ധതി. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി കാട്ടാന, കാട്ടുപോത്ത് എന്നിവയെ കൂടാതെ പുലി, കടുവ, കാട്ടുനായ്ക്കൾ, കാട്ടുപന്നി എന്നിവയും ജനവാസ മേഖലകളിൽ ഭീതി പരത്തുന്നു.

ഗ്യാപ് റോഡിന് സമീപമിറങ്ങിയ കാട്ടാനക്കൂട്ടം.
ഗ്യാപ് റോഡിന് സമീപമിറങ്ങിയ കാട്ടാനക്കൂട്ടം.

ആനശല്യം കാരണം വിദ്യാർഥികളും കർഷകരും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളും വലിയ ഭീഷണിയാണ് നേരിടുന്നത്. സീസൺ കൃഷി നടത്തുന്ന വെളുത്തുള്ളി കർഷകരെയാണു കൂടുതലായി ബാധിച്ചത്. കാട്ടാനശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നഷ്ടം സംഭവിച്ച കർഷകർക്കു തക്കതായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു 

∙ഫണ്ടില്ല, നവകിരണം പദ്ധതി നിലച്ചു
വനമേഖലയിലും വനാതിർത്തികളിലും താമസിക്കുന്നവർക്കു സ്വമേധയാ ഒഴിഞ്ഞു പോകുന്നതിനുള്ള പുനരധിവാസ പദ്ധതിയായ നവകിരണം പദ്ധതി ഫണ്ടില്ലാത്തതിനാൽ പാതി വഴിയിൽ നിലച്ചു. വന്യജീവി ശല്യവും മണ്ണിടിച്ചിൽ ഭീഷണിയുമുള്ള വനമേഖലയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കാൻ 2019 ലാണു സർക്കാർ നവകിരണം പദ്ധതി പ്രഖ്യാപിച്ചത്. വനമേഖലയിൽ താമസിച്ചിരുന്ന പട്ടിക വിഭാഗത്തിൽ ഉൾപ്പെടാത്ത 784 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കുകയും 155 ഹെക്ടർ വനഭൂമി ഒഴിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു.

പദ്ധതി വിജയകരമാണെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. 13 ജില്ലകളിലായി 4000 കുടുംബങ്ങൾ കൂടി നവകിരണം പദ്ധതിയിൽ ചേരാൻ അപേക്ഷ നൽകി. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം ഈ അപേക്ഷകൾ ഒന്നും പരിഗണിച്ചിട്ടില്ല. പുതിയ അപേക്ഷകളും പരിഗണിക്കുന്നില്ല എന്നാണു വനംവകുപ്പിൽ നിന്നു ലഭിക്കുന്ന വിവരം. 784 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ ആയിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ഈ നടപടികളും മുടങ്ങിയ സ്ഥിതിയിലാണ്. കേന്ദ്രസർക്കാർ ഫണ്ട് നൽകാത്തതാണു പ്രതിസന്ധിക്കു കാരണമെന്നാണു സംസ്ഥാന സർക്കാരിന്റെ വാദം.

ഇന്നലെ രാവിലെ വൃന്ദാവൻ മലനിരകളിൽ റിസോർട്ടുകൾക്കു സമീപത്തു കൂടി പോകുന്ന കൊമ്പന്മാർ.
ഇന്നലെ രാവിലെ വൃന്ദാവൻ മലനിരകളിൽ റിസോർട്ടുകൾക്കു സമീപത്തു കൂടി പോകുന്ന കൊമ്പന്മാർ.

∙ചുവപ്പുനാടയ്ക്കുള്ളിൽ ജീവനെന്ത് വില?
അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോക്കണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര മരിച്ചിട്ട് 4 മാസമാകുമ്പോഴും വന്യമൃഗശല്യം തടയാൻ സർക്കാർ പ്രഖ്യാപിച്ച സോളർ ഹാങ്ങിങ് ഫെൻസിങ് നടപടികൾ ഇഴയുന്നു. ഇതോടെ കാഞ്ഞിരവേലി, കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ മാർച്ച് 4നാണു കാട്ടുകൊമ്പന്റെ ആക്രമണത്തിൽ ഇന്ദിര മരിച്ചത്. ആന ശല്യത്തിന് എതിരെ വനംവകുപ്പിന്റെ മൃദുസമീപനമാണു വീട്ടമ്മയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും ചേർന്നു മൃതദേഹം കോതമംഗലം ടൗണിൽ വച്ച് റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശമിപ്പിക്കാൻ അന്നുതന്നെ ഇന്ദിരയുടെ വീട് സന്ദർശിച്ച മന്ത്രിമാരുടെ സംഘം മേഖലയിൽ അടിയന്തരമായി ഫെൻസിങ് നിർമിക്കുമെന്ന ഉറപ്പ് നൽകി.

ഇതുമായി ബന്ധപ്പെട്ടു കാഞ്ഞിരവേലിക്കു സമീപം ആകമാനം– കമ്പിലൈൻ, ഇഞ്ചപ്പതാൽ– പാട്ടയിടുമ്പ് മേഖലകളിൽ ഫെൻസിങ് നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾക്കു വേണ്ടി തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനു കൈമാറിയെങ്കിലും അനന്തര നടപടികൾ ഇഴയുകയാണ്. 6 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനു 58 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ നടപടികൾക്ക് വേഗം കുറഞ്ഞതോടെ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതോടെ നാട്ടുകാർ വീണ്ടും അധികൃതർക്ക് എതിരെ പ്രക്ഷോഭത്തിന് തയാറെടുക്കുയാണ്.

∙റേഞ്ച് ഓഫിസിനുള്ളിലും കാട്ടാന
കാഞ്ഞിരവേലി, കുളമാൻകുഴി മേഖലകളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കാട്ടാനകളിൽ ഒന്ന് ഞായറാഴ്ച രാവിലെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് കോംപൗണ്ടിനുള്ളിലെത്തി. രാവിലെ 7.30 ടെയാണു കാട്ടുകൊമ്പൻ റേഞ്ച് ഓഫിസ് പരിസരത്ത് എത്തിയത്. തുടർന്നു പുറത്തേക്കുള്ള ഗേറ്റ് തകർക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഗേറ്റിനു മുകളിലൂടെ പുറത്തേക്കു കടക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ റേഞ്ച് ഓഫിസിന് പിൻ ഭാഗത്തു കൂടി വനത്തിലേക്കു മറയുകയായിരുന്നു.

∙‘നാട്ടുരുചി’മതി ആനകൾക്ക്
മറയൂരിൽ ജനവാസ മേഖലയിൽ താമസം തുടങ്ങിയ കാട്ടാനക്കൂട്ടം രണ്ടുമാസത്തോളമായി ഭക്ഷണമാക്കിയിരിക്കുന്നത് പ്രദേശവാസികളുടെ കൃഷി വിളകളാണ്. വനംവകുപ്പും കാഴ്ച്ചക്കാരാകുന്നതല്ലാതെ ആനകളെ തുരത്താൻ തയാറാകുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊളുത്താമല വൃന്ദാവൻ മലനിരകളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളിൽ രണ്ടെണ്ണം ശിവൻപന്തിയിൽ എത്തി ചക്കകൾ പറിച്ചുതിന്നു. ഒരു മണിക്കൂറോളം അവിടെ തങ്ങിയ ആനകൾ പ്ലാവിൽ ഉണ്ടായിരുന്ന ചക്കകളെല്ലാം നശിപ്പിച്ചു.

∙പ്രക്ഷോഭത്തിലേക്ക് ജനങ്ങൾ
കാന്തല്ലൂർ മേഖലയിൽ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ വനത്തിലേക്കു തുരത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കൃഷി വിളകൾക്ക് സ്ഥിരമായി നാശനഷ്ടം വരുത്തുന്ന സാഹചര്യത്തിൽ ഒട്ടേറെ തവണ വനംവകുപ്പുമായി ചർച്ച നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഹർത്താൽ നടത്താനും മറയൂർ ഡിഎഫ്ഒ ഓഫിസ് ഉപരോധിക്കാനുമാണു തീരുമാനം എന്നു ജനജാഗ്രതാ സമിതി അറിയിച്ചു.

45 ദിവസം; 60 വളർത്തുമൃഗങ്ങൾ, മറ്റ് അത്യാഹിതങ്ങളും
∙ മേയ് 21നു മറയൂർ–കാന്തല്ലൂർ റോഡിൽ ശിവൻപന്തിയിൽ കാട്ടാനകളുടെ മുന്നിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാന്തല്ലൂർ ഗ്രാമം സ്വദേശി മനോഹരൻ (45) ആനകളെ കണ്ടതോടെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.
∙ മേയ് 28നു വട്ടവടയിൽ 52 ആടുകളെ കാട്ടുനായ്ക്കൾ കൊന്നു, പിന്നാലെ 4 പശുക്കളെ കടുവയും.
∙ ജൂൺ 1ന് പീരുമേട് ഗ്ലെൻമേരി പുതുവലിലും 8നു വണ്ടിപ്പെരിയാർ അരുണയ്ക്കലിലും ഓരോ പശുക്കളെ വീതം പുലി കൊന്നു.
∙ 9ന് മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിലെ കെ.പി.പുണ്യവേലിന്റെ പലചരക്കുകട കാട്ടാന തകർത്തു. ഇരുപതാം തവണയാണു പുണ്യവേലിന്റെ പലചരക്കുകട തകർത്തു കാട്ടാന സാധനങ്ങൾ എടുത്തത്. ഇതുവരെ 6 ലക്ഷത്തിലധികം രൂപയുടെ നഷ്ടം
∙ വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ആറാം നമ്പർ പുതുവയലിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നു ക്യാമറ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ 12 നാണു മറയൂർ പാമ്പൻമലയ്ക്കു സമീപം ബൈക്ക് യാത്രികരുടെ നേരെ പടയപ്പ എന്ന ഒറ്റയാൻ പാഞ്ഞടുത്തത്. ബൈക്ക് യാത്രികരായ 2 യുവാക്കൾ കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
∙ 13ന് വട്ടവട വഞ്ചിവയലിൽ മേയാൻവിട്ട പശുക്കിടാവിനെ കാട്ടുപോത്ത് കുത്തിപ്പരുക്കേൽപിച്ചു.
∙ കഴിഞ്ഞ 28നു കുളമാൻകുഴി ആദിവാസി നഗറിൽ ഒറ്റക്കൊമ്പന്റെ മുന്നിൽപ്പെട്ട പെയ്ന്റിങ് തൊഴിലാളിയും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. തലക്കുളം, മൂലത്തുറ, ചിന്നക്കനാൽ, ദേവികുളം, ലാക്കാട്, മറയൂർ എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷം.
∙ കഴിഞ്ഞമാസം ആനയിറങ്കൽ തങ്കക്കുഴിക്കു സമീപം 3 വയസ്സിലധികം പ്രായമുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞത് ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടർന്നാണെന്നാണു വനം വകുപ്പ് അധികൃതരുടെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com