ADVERTISEMENT

‌തൊടുപുഴ∙ കൈക്കൂലിക്കേസിൽ പ്രതിയാക്കപ്പെട്ട തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ കസേര തെറിക്കും. ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നു രാജി വയ്ക്കുമെന്നാണു സൂചന. ഇന്നലെ വൈകിട്ട് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിച്ചതായാണു പാർട്ടി നേതാക്കൾ പറയുന്നത്. സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ 25നു നഗരസഭ അസി. എൻജിനീയർ സി.ടി. അജിയും ഇടനിലക്കാരൻ റോഷനും വിജിലൻസിന്റെ പിടിയിലായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചെയർമാന്റെ നിർദേശ പ്രകാരമാണ് കൈക്കൂലി നൽകിയതെന്നു വിജിലൻസ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി സനീഷ് ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിജിലൻ‍സ് വിളിപ്പിച്ചിട്ടുണ്ട്. കൈക്കൂലിക്കേസ് പുറത്തുവന്നതിനു പിന്നാലെ കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ എൽഡിഎഫിന്റെ പ്രതിഛായയെ ബാധിച്ചെന്നാണു ഇടതുപാർട്ടികളുടെ വിലയിരുത്തൽ. കേസിൽ പ്രതിയാക്കപെട്ടയാളെ സംരക്ഷിക്കുന്നത് ജനവികാരത്തെ ബാധിക്കുമെന്നും എൽഡിഎഫിൽ ചർച്ചയായി. സ്വയം രാജിവച്ചില്ലെങ്കിൽ അവിശ്വാസത്തിലൂടെ ചെയർമാനെ പുറത്താക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.

ചെയർമാനെ പുറത്താക്കുകയാണു പ്രധാന ലക്ഷ്യമെന്നു ഇരുപാർട്ടി നേതാക്കളും സമ്മതിച്ചിരുന്നു. നിലവിൽ നഗരസഭ ഭരിക്കുന്ന എൽഡിഎഫിനു 14 സീറ്റാണുള്ളത്. യുഡിഎഫിന് 12, ബിജെപിക്ക് 8 എന്നിങ്ങനെയാണു പ്രതിപക്ഷ കക്ഷിനില. സനീഷ് ജോർജ് രാജി വച്ചില്ലെങ്കിൽ ഇനി നഗരസഭയിൽ കൗൺസിൽ കൂടാൻ അനുവദിക്കില്ലെന്നു യുഡിഎഫും ബിജെപിയും അറിയിച്ചിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ടു ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനു മുൻപും അസിസ്റ്റന്റ് എൻജിനീയറെ പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ തടഞ്ഞുവച്ചിരുന്നു. അന്നു ചെയർമാൻ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ‘താൻ നോക്കിക്കോളാം’ എന്ന് പറഞ്ഞ് ഇടപെട്ടപ്പോൾ കൈക്കൂലിക്കാരന്റെ ഇടനിലക്കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

എൽഡിഎഫ് കൊടുത്ത ചെയർമാൻ സ്ഥാനം കുന്നം കവലയിൽ ഓട്ടോറിക്ഷ തടിപ്പണി തൊഴിലാളിയായിരുന്ന സനീഷ് ജോർജ് കോൺഗ്രസിന്റെ 12–ാം വാർഡ് ബൂത്ത് പ്രസിഡന്റ് ആയിരുന്നു. തിരഞ്ഞെടുപ്പിൽ കുന്നം മേഖലയിൽ യുഡിഎഫ് ജോസഫ് വിഭാഗത്തിനു 3 സീറ്റുകൾ നൽകിയതോടെ കോൺഗ്രസിനു മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വരികയും സനീഷ് 12–ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയുമായിരുന്നു. എൽഡിഎഫ്–യുഡിഎഫ് സ്ഥാനാർഥികളെ തോൽപിച്ച് വിജയം നേടി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 35 അംഗ നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, കോൺഗ്രസ് വിമതർ 2 എന്നിങ്ങനെയായിരുന്നു കക്ഷി നില.

ഇതിൽ 12–ാം വാർഡിൽ നിന്നു വിജയിച്ച സനീഷ് ജോർജിന്റെയും 19–ാം വാർഡിൽ വിജയിച്ച കോൺഗ്രസ് വിമത നിസ സക്കീറിന്റെയും പിന്തുണയിൽ ഭരണം പിടിക്കാം എന്ന കണക്കു കൂട്ടലിലായിരുന്നു യുഡിഎഫ് നേതൃത്വം. ഇരുവരും യുഡിഎഫിന് ഒപ്പം നിൽക്കുമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ രണ്ട് അംഗങ്ങൾ മാത്രമുള്ള കേരള കോൺഗ്രസിന് ചെയർമാൻ പദവി നൽകാൻ തീരുമാനിച്ചതോടെ സനീഷ് എൽഡിഎഫിലെത്തി. സനീഷിന് എൽഡിഎഫ് ചെയർമാൻ സ്ഥാനം നൽകി. ഇതിനൊപ്പം മുസ്‌ലിം ലീഗ് സ്വതന്ത്രയായി 9–ാം വാർഡിൽ വിജയിച്ച ജെസി ജോണി മറുകണ്ടം ചാടി എൽഡിഎഫിന് ഒപ്പം ചേർന്നു വൈസ് ചെയർപഴ്സനായി.

ഇവരെ ഏതാനും മാസം മുൻപ് ഹൈക്കോടതി അയോഗ്യയാക്കി. ഭരണപക്ഷത്തിനെതിരെ വ്യാപകമായ അഴിമതി ആരോപണങ്ങളാണ് ഉയർന്നത്. എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വലിയ അഴിമതിക്കെതിരെ നഗരസഭ കൗൺസിലിലും പുറത്തും വലിയ ആക്ഷേപങ്ങളും പ്രതിഷേധവും ഉണ്ടായെങ്കിലും ഇവരെ സംരക്ഷിക്കുന്ന നിലപാടാണു ഭരണപക്ഷം സ്വീകരിച്ചത്. അതേ സമയം സിപിഎം നേതൃത്വത്തിലെ ചിലരുടെയും ചെയർമാന്റെയും എൽഡിഎഫിലെ ഏതാനും കൗൺസിലർമാരുടെയും പിന്തുണയിലാണ് ഇത്രമാത്രം അഴിമതി നടന്നതെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com