ADVERTISEMENT

തൊടുപുഴ∙ കൈക്കൂലിക്കേസിൽ നഗരസഭാ ചെയർമാൻ പ്രതിയാക്കപ്പെട്ടതോടെ തൊടുപുഴ നഗരം പ്രതിഷേധക്കളമായി മാറുന്നു. ഇന്നലെ രാവിലെ ബിജെപിയും വൈകിട്ട് യൂത്ത് ലീഗും നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് 
യൂത്ത് ലീഗ് പ്രവർത്തകർ കോലം കത്തിച്ചപ്പോൾ. ചിത്രം∙ മനോരമ
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കോലം കത്തിച്ചപ്പോൾ. ചിത്രം∙ മനോരമ

ബിജെപി പ്രകടനം മുനിസിപ്പൽ ഓഫിസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിനെത്തുടർന്ന് ഉന്തും തള്ളും ഉണ്ടായി.മുൻ എംഎൽഎ പി.സി.ജോർജ് ബിജെപി പ്രകടനം ഉദ്ഘാടനം ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും നഗരസഭാ ചെയർമാനെ കൂടി അത്തരത്തിൽ രാജിവപ്പിക്കാൻ പാർട്ടി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതിനെതിരെ ശക്തമായി പോരാടുമെന്നും പി.സി.ജോർജ് പറഞ്ഞു. ബിജെപി തൊടുപുഴ മണ്ഡലം പ്രസി. എസ്.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

മധ്യമേഖല പ്രസിഡന്റ് എൻ.ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ.വേലുക്കുട്ടൻ, പി.പി.സാനു, കെ.എൻ.ഗീതാകുമാരി, മുനിസിപ്പൽ കൗൺസിലർമാരായ ജിതേഷ് ഇഞ്ചക്കാട്ട്, പി.ജി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

ചെയർമാന് സിപിഎം പിന്തുണ: യുഡിഎഫ് 
തൊടുപുഴ ∙ ചെയർമാൻ നഗരസഭാ സെക്രട്ടറിക്ക് അവധി കൊടുത്തു മുങ്ങിയതിനു പിന്നിൽ സിപിഎമ്മിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടെന്ന് യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതു സിപിഎമ്മിന്റെ നാടകമാണ് എന്നു ജനങ്ങൾ തിരിച്ചറിയുമെന്നും ഇവർ പറഞ്ഞു. 

തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിൽ മാർക്ക് അന്തസ്സ് ഉണ്ടെങ്കിൽ സിപിഎം നേതൃത്വത്തിന് എതിരെ പരസ്യ നിലപാട് എടുക്കണമെന്ന് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ. കരീം, കൺവീനർ കെ.ജി. സജിമോൻ, സെക്രട്ടറി ഫിലിപ്പ് ചേരിയിൽ എന്നിവർ പറഞ്ഞു.

നഗരസഭ ചെയർമാന്റെ രാജി പ്രഖ്യാപനം സിപിഎമ്മിന്റെ നാടകമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് ആരോപിച്ചു.

ചെയർമാന്റെ കോലം കത്തിച്ച് യൂത്ത് ലീഗ്
തൊടുപുഴ ∙ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നഗരസഭയ്ക്കു മുന്നിൽ ചെയർമാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അനിശ്ചിതകാല സമരം വരുംദിവസങ്ങളിൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എസ്. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.

കെ.എം നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.ബി.ഷെരീഫ്, മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കൈപാടം, സുബൈർ ഇല്ലിക്കൽ, പി.എൻ. ജാഫർ, പി.എം. നിസാമുദീൻ, അൻഷാദ് കുറ്റിയാനി ,അജാസ് പുത്തൻപുര, സൽമാൻ ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കൈക്കൂലി  രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ മുങ്ങി
തൊടുപുഴ ∙ സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് രാജിവയ്ക്കാതെ മുങ്ങി. സിപിഎം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 15 ദിവസത്തെ അവധിയെടുത്ത്, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

ഉപാധ്യക്ഷയ്ക്കു കത്തു നൽകിയാണ് അവധിയിൽ പ്രവേശിച്ചത്. വിജിലൻസിന്റെ ചോദ്യം ചെയ്യലിനും ഇന്നലെ അദ്ദേഹം ഹാജരായില്ല. ചികിത്സയിലായതിനാൽ എത്താനാകില്ലെന്ന് അഭിഭാഷകൻ മുഖേന അറിയിക്കുകയായിരുന്നു.

സനീഷ് ജോർജ് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നു സൂചനയുണ്ട്. ഒന്നാം പ്രതിയായ അസിസ്റ്റന്റ് എൻജിനീയർക്കും മൂന്നാം പ്രതിയായ ഇടനിലക്കാരനും ജാമ്യം ലഭിച്ചാൽ നഗരസഭാധ്യക്ഷനും മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്.

നഗരസഭയിലെ കുമ്മംകല്ല് ബിടിഎം എൽപി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു നഗരസഭാ അസി.എൻജിനീയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ എന്നിവരെ വിജിലൻസ് കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്ത്. പണം കൊടുക്കാൻ നിർദേശിച്ചതു നഗരസഭാധ്യക്ഷനാണെന്നാണു വിജിലൻസ് കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com