പൊതുമരാമത്ത് വകുപ്പേ; വല്ലാത്ത പണിയായിപ്പോയി

Mail This Article
തൊടുപുഴ∙ കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസിലെ ന്യൂമാൻ കോളജ് ജംക്‌ഷനിൽ ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ന്യൂമാൻ പഴയ റോഡും ബൈപാസും സന്ധിക്കുന്ന ഭാഗത്ത് അപകടം കുറയ്ക്കാനാണ് ഇരുഭാഗത്തും ഡിവൈഡർ സ്ഥാപിച്ചതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ ഡിവൈഡർ വച്ചതോടെ ഇവിടെ കുരുക്ക് ഇരട്ടിയായി.
രാവിലെ സ്കൂൾ സമയത്തും മറ്റും കുട്ടികളെയുമായി പോകുന്ന വാഹനങ്ങളുടെ തിരക്ക് കൂടിയതോടെ ഇവിടെ ഇരുവശത്തും വലിയ ക്യൂ ആയി വാഹനങ്ങൾ നിരന്നുകിടക്കുന്ന അവസ്ഥയാണ്.
ഇന്നലെ രാവിലെ എട്ടരയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു. ഓഫിസുകളിലും വിവിധ സ്കൂളുകളിലും പോകേണ്ട ഉദ്യോഗസ്ഥരും വിദ്യാർഥികളും മറ്റു യാത്രക്കാരും ഉൾപ്പെടെ വലഞ്ഞു. ഇതിനിടെ ഇവിടെ ഡിവൈഡർ സ്ഥാപിച്ചത് മറയാക്കി ഇതോടു ചേർന്ന് റോഡിൽ വാഹനങ്ങൾ പാർക്കിങ്ങും ആരംഭിച്ചതായി പരാതിയുണ്ട്.
കാരിക്കോട്ടുനിന്ന് ബൈപാസിലേക്ക് വരുന്ന റോഡിൽ വലിയ വാഹനങ്ങൾ വരുന്നത് ഈ റോഡിലും ബൈപാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണെന്ന് ആക്ഷേപമുണ്ട്. അതിനാൽ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം തടയണമെന്ന ആവശ്യവും ശക്തമാണ്.