റോഡ് കയ്യേറി കല്ല് സ്ഥാപിച്ചതായി പരാതി

Mail This Article
കാഞ്ചിയാർ∙ മൂന്നു ചെയിൻ പ്രദേശത്തിന്റെ സർവേക്കാണെന്ന പേരിൽ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ കിഴക്കേമാട്ടുക്കട്ടയിൽ റോഡ് കയ്യേറി കല്ല് സ്ഥാപിച്ചതായി ആരോപണം. ഇടുക്കി പദ്ധതിക്കായുള്ള സ്ഥലം കഴിഞ്ഞുള്ള ഭാഗത്ത് നിർമിച്ചതും പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടതുമായ വെള്ളിലാംകണ്ടം-കിഴക്കേമാട്ടുക്കട്ട-പടുക റോഡ് കയ്യേറി കല്ലിട്ടെന്നാണ് ആരോപണം.
പട്ടയം ലഭ്യമാക്കാനുള്ള സർവേ നടപടികളുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കല്ലുകൾ സ്ഥാപിച്ചതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ആരോപിച്ചു.കല്ലിട്ടതോടെ റോഡ് കെഎസ്ഇബിയുടെ അധീനതയിലാകുകയും ഭാവിയിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുകയും ചെയ്യുമെന്നാണ് ആശങ്ക. റോഡിന്റെ നവീകരണത്തിനായി ഫണ്ടുകൾ അനുവദിക്കുന്നതിന് തടസ്സമാകുമെന്നും നാട്ടുകാർ സംശയിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്.