ഇടമലക്കുടിക്ക് സ്വന്തമായി ആംബുലൻസ്

Mail This Article
മൂന്നാർ∙ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നിവാസികൾക്ക് സ്വന്തമായി ആംബുലൻസ് വാഹനം ലഭിച്ചു. കൊച്ചിയിൽ പ്രവർത്തിക്കുന്ന പെട്രോനെറ്റ് സ്ഥാപനവും പഞ്ചായത്തും ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് വാങ്ങിയത്. പെട്രോനെറ്റ് കമ്പനിയുടെ സിഎസ്ആർ ഫണ്ടായ 14.75 ലക്ഷവും പഞ്ചായത്തിന്റെ 2 ലക്ഷവും ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ഇടമലക്കുടിയിലെ മലനിരകൾ വഴി യാത്ര ചെയ്യാൻ കഴിയുന്ന വാഹനമാണിത്. സൊസൈറ്റി കുടിയിൽനിന്നുള്ള യുവാവിനെ പഞ്ചായത്ത് ഡ്രൈവറായി നിയമിച്ചു.
24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭിക്കുന്നതിനായി സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഓഫിസിനു സമീപത്താണ് വാഹനം നിർത്തിയിടുന്നത്. പഞ്ചായത്തിന് സ്വന്തമായി ആംബുലൻസ് ലഭിച്ചതോടെ ചികിത്സാ ആവശ്യങ്ങൾക്ക് ഇനി മുതൽ മണിക്കൂറുകളുടെ കാത്തിരിപ്പിന് വിരാമമാകും. അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാറിൽനിന്ന് ആംബുലൻസ് എത്തിച്ചാണ് ഇടമലക്കുടി നിവാസികളായ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലെത്തിച്ചിരുന്നത്. 18ന് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും.