മലങ്കര ടൂറിസം പദ്ധതി: ജലാശയം കാണാം സോളർ ബോട്ടിലിരുന്ന്
Mail This Article
മുട്ടം ∙ മലങ്കര ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജലാശയത്തിൽ സോളർ ബോട്ട് ഇറക്കുന്നതിന് അനുമതിയായി. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനു (കെഎസ്‌ഐഎൻസി) കത്തു നൽകി. കെഎസ്‌ഐഎൻസി നൽകിയ പ്രപ്പോസൽ പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ജലസേചന വകുപ്പ് അറിയിച്ചിരിക്കുന്നത്.
2022 ജൂണിലാണ് 27 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളർ ബോട്ടിന്റെയും ഫ്ലോട്ടിങ് ജെട്ടിയുടെയും ഉൾപ്പെടെ 98.5 ലക്ഷം രൂപയുടെ പ്രപ്പോസൽ എംവിഐപിക്ക് സമർപ്പിച്ചത്. ബോട്ടിന് 50 ലക്ഷം രൂപയും ഫ്ലോട്ടിങ് ജെട്ടി ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കാൻ 48.5 ലക്ഷം രൂപയാണ് കെഎസ്‌ഐഡിസി ആവശ്യപ്പെട്ടത്. എന്നാൽ, രണ്ടുവർഷം കൊണ്ടു ചെലവ് ഇതിലും കൂടുമെന്നാണു സൂചന.
അതിനാൽ അക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ച ശേഷമേ ഇൻലാൻഡ് നാവിഗേഷൻ മറുപടി നൽകുകയുള്ളൂ. ബോട്ടിനും അനുബന്ധ കാര്യങ്ങൾക്കും ചെലവാകുന്ന മുഴുവൻ തുകയും കെഎസ്‌ഐഎൻസി മുടക്കാനായിരുന്നു ധാരണ. ബോട്ട് സർവീസ് നടത്തുമ്പോൾ ലഭിക്കുന്ന തുകയിൽ ഒരു നിശ്ചിത ശതമാനം മലങ്കര ടൂറിസം പദ്ധതി നടത്തിപ്പിനായി നൽകും. ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എംവിഐപിയുടെയും സംയുക്ത പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി.