കാറിൽ ‘അഭ്യാസം’: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
മൂന്നാർ ∙ ഓടുന്ന കാറിൽ ദേവികുളം ഗ്യാപ് റോഡ് വഴി അപകടകരമായ വിധത്തിൽ യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കർണാടക സ്വദേശി അഖിലേഷിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് സസ്പെൻഡ് ചെയ്തത്. വാഹന ഉടമയിൽ നിന്ന് 3750 രൂപ പിഴയും ഈടാക്കി. ചൊവ്വാഴ്ച
രാവിലെയാണ് ദേവികുളം ഗ്യാപ് റോഡ് വഴി തെലങ്കാന റജിസ്ട്രേഷനിലുള്ള കാറിൽ യാത്ര ചെയ്തിരുന്ന നാലു യുവാക്കളിലൊരാൾ ശരീരം പുറത്തിട്ട് അപകടകരമായ വിധത്തിൽ യാത്ര ചെയ്തത്. സംഭവത്തിൽ വാഹനം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ സമാന രീതിയിൽ നിയമലംഘനം നടത്തിയ 6 വാഹനങ്ങൾക്കെതിരെ മോട്ടർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാത വഴി വിനോദസഞ്ചാരികൾ അപകടകരമായി യാത്ര ചെയ്യുന്നത് കണ്ടെത്തുന്നതിനായി മോട്ടർവാഹന വകുപ്പ് രണ്ട് പ്രത്യേക സ്ക്വാഡുകളെ ഗ്യാപ് റോഡ് മേഖലയിൽ നിയമിച്ചിട്ടുണ്ട്.