ADVERTISEMENT

കട്ടപ്പന∙ ഇടിഞ്ഞ റോഡിന്റെ അരിക് നന്നാക്കാതെ ടാറിങ്ങിലേക്ക് ഇറക്കി സ്ഥാപിച്ച സുരക്ഷാ വേലിയും നശിച്ചതോടെ അപകട ഭീഷണി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുകൂടിയുള്ള അമർജവാൻ റോഡിലാണ് ഏഴുവർഷമായി അപകട ഭീഷണി നിലനിൽക്കുന്നത്. 

മുൻപ് മണ്ണിടിച്ചിലുണ്ടായി ഭീഷണിയിലായിരുന്ന സ്ഥലത്ത് കഴിഞ്ഞ വർഷം വീണ്ടും മണ്ണിടിഞ്ഞതോടെയാണ് റോഡിൽ ടാറിങ്ങിൽ തൂണുകൾ സ്ഥാപിച്ച് അതിൽ സുരക്ഷാവേലി നിർമിച്ചത്. അതോടെ കഷ്ടിച്ച് ഒരു ബസിന് മാത്രം കടന്നുപോകാവുന്ന നിലയിലേക്ക് റോഡിന്റെ വീതി കുറഞ്ഞു. അതിനാൽ പല വാഹനങ്ങളും വേലിയിൽ തട്ടുന്നത് പതിവായിരുന്നു. കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന തൂണുകൾ ഇളകാനും വേലി നശിക്കാനും ഇതു കാരണമായി. തൂണിൽനിന്ന് വേർപെട്ടു കിടക്കുന്ന കമ്പികൾ കാൽനട യാത്രക്കാർ അടക്കമുള്ളവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. 

2017 ഓഗസ്റ്റ് 29നു റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് ഇവിടെ കല്ലുകൾ നിരത്തിയശേഷം അവശേഷിക്കുന്ന ഭാഗത്തു കൂടിയാണു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. 2018 ഓഗസ്റ്റ് പകുതിയോടെ കാലവർഷം ശക്തിപ്രാപിച്ചപ്പോൾ ഇതിനു സമീപത്തായി വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു. വാഹനങ്ങൾ എത്തിയാൽ വീണ്ടും മണ്ണിടിയുമെന്ന സ്ഥിതിയായതിനാൽ ആദ്യം ചെറുവാഹനങ്ങൾ  മാത്രമാണു കടത്തിവിട്ടിരുന്നത്. 

ട്രഷറിക്കു സമീപത്തുകൂടി റെസ്റ്റ് ഹൗസിനു സമീപം ചെന്നെത്തുന്ന റോഡിലൂടെയാണു ബസുകൾ കടത്തിവിട്ടിരുന്നത്. ഇതു വൻ ഗതാഗതക്കുരുക്കിനു കാരണമായതോടെ ബസുകൾ വീണ്ടും അമർജവാൻ റോഡിലൂടെ കടത്തിവിടാൻ തീരുമാനിച്ചു. അതിനുശേഷം നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.

റോഡിൽനിന്ന് സ്റ്റേഡിയത്തിലേക്കാണ് മണ്ണിടിഞ്ഞു വീണിരിക്കുന്നത്. അതിനാൽ സ്റ്റേഡിയത്തിന്റെ ഭാഗത്ത് ഇരിപ്പിടവും റോഡിന്റെ ഭാഗത്തേക്ക് ഷട്ടറുകളും നിർമിക്കാനാണ് ലക്ഷ്യമിട്ടത്. സ്റ്റേഡിയത്തിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മണ്ണിടിഞ്ഞ ഭാഗത്ത് ഇതുവരെ യാതൊരു പണികളും നടത്തിയിട്ടില്ല. ആരംഭിച്ച പണികൾ എങ്ങുമെത്താതെ നിലയ്ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com