വല്ലാതെ ചുറ്റിക്കല്ലേ..; പഴേരി – മുതലക്കോടം റോഡ് നന്നാക്കണമെന്ന് യാത്രക്കാർ

Mail This Article
മുതലക്കോടം∙ തൊടുപുഴ നഗരസഭയുടെ 10–ാം വാർഡിൽ ഉൾപ്പെടുന്ന പഴേരി – മുതലക്കോടം റോഡ് തകർന്നു ഗതാഗതം താറുമാറായി. 2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്രയമായ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കാതായിട്ടു രണ്ടു വർഷത്തിലേറെയായി.
നാഗപ്പുഴ, പാറ ഭാഗങ്ങളിൽ നിന്നു വണ്ണപ്പുറം റോഡിലേക്കും മുതലക്കോടത്തെ സ്വകാര്യ ആശുപത്രി, മുതലക്കോടം പള്ളി എന്നിവിടങ്ങളിലേക്കും എത്താൻ ഈ വഴി ഉപയോഗിക്കുന്നുണ്ട്. മുതലക്കോടത്തു നിന്ന് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്, ഡെന്റൽ കോളജ് എന്നിവിടങ്ങളിലേക്കും പുതുച്ചിറ ഭാഗത്തു നിന്ന് മുതലക്കോടത്തെ സ്കൂളുകളിലേക്കും വിദ്യാർഥികൾ ഈ വഴിയിലൂടെ സഞ്ചരിച്ചിരുന്നു. വഴി തകർന്നതോടെ ഇപ്പോൾ മങ്ങാട്ടുകവല വഴി ചുറ്റിക്കറങ്ങിയാണു ജനം യാത്ര ചെയ്യുന്നത്. പ്രയോജനപ്പെടുന്ന റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.