തീർന്നെടാ, തീർന്നു! കാന്തല്ലൂരിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഇന്ന് ഓടിക്കും
Mail This Article
മറയൂർ∙ കാന്തല്ലൂർ മേഖലയിൽ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ ഇന്ന് ഓടിക്കാൻ പഞ്ചായത്തിൽ കൂടിയ യോഗത്തിൽ തീരുമാനം. കാന്തല്ലൂർ, പെരുമല, പുത്തൂർ, ഗുഹനാഥപുരം, വേട്ടക്കാരൻകോവിൽ, കീഴാന്തൂർ, കാരയൂർ, കുളച്ചിവയൽ എന്നീ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കാനാണ് തീരുമാനം.
കാന്തല്ലൂർ റേഞ്ചിലെ പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ, വണ്ണാൻതുറ ഫോർ സ്റ്റേഷൻ ഉദ്യോഗസ്ഥർ, മറയൂർ ആർആർടി, പ്രദേശവാസികൾ ജനജാഗ്രത സമിതി, പഞ്ചായത്ത് ഭരണസമിതി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് കാട്ടാനകളെ ഓടിക്കുന്നത്. സുരക്ഷാ ആവശ്യത്തിനായി കാന്തല്ലൂർ, കീഴാന്തൂർ വില്ലേജ് ഓഫിസർമാർ, ആംബുലൻസ്, കാന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ, ആശുപത്രി ജീവനക്കാർ എന്നിവരും പ്രദേശത്തുണ്ടായിരിക്കും. നല്ല കാലാവസ്ഥയും വിനോദസഞ്ചാരികളുടെ കുറവും കണക്കിലെടുത്താണ് ഇന്ന് കാട്ടാനകളെ ഓടിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.