ലോട്ട്: ഏലയ്ക്ക ലേലം നിയമപ്പോരാട്ടത്തിലേക്ക്
Mail This Article
നെടുങ്കണ്ടം ∙ ഏലയ്ക്ക ലേലകേന്ദ്രങ്ങളിൽ വ്യാപാരികളുടെ ലോട്ട് 25 ശതമാനമായി നിജപ്പെടുത്തിയ സ്പൈസസ് ബോർഡ് തീരുമാനത്തിനെതിരെ വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. സ്പൈസസ് ബോർഡ് തീരുമാനത്തിനെതിരെ കാർഡമം ഡീലേഴ്സ് ചേംബറാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉൽപാദിപ്പിക്കുന്ന ഏലയ്ക്ക കർഷകർക്കു നേരിട്ട് വ്യാപാരം നടത്തുന്നതിനും അതുവഴി ഉയർന്ന വില ലഭിക്കുന്നതിനും വേണ്ടിയാണ് സ്പൈസസ് ബോർഡിന്റെ നിയന്ത്രണത്തിൽ ലേല കേന്ദ്രങ്ങൾ ആരംഭിച്ചത്.
എന്നാൽ ലേല ഏജൻസികളിൽ റീപൂളിങ്ങ് നടത്തി കർഷകരെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്തു വന്നിരുന്നു. തുടർന്ന് ജൂൺ ആദ്യമാണ് ആകെ പൂൾ ചെയ്യുന്ന ഏലയ്ക്കയുടെ 25% മാത്രമേ വ്യാപാരികൾക്ക് ചെയ്യാൻ കഴിയൂ എന്നു സ്പൈസസ് ബോർഡ് ഉത്തരവിറക്കിയത്.
∙ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണം
റീപൂളിങ്ങിനു വ്യാപാരികളും എതിരാണ്. എന്നാൽ തരം തിരിച്ച ശേഷം ഏലയ്ക്ക ലേലത്തിൽ വിൽക്കുന്നത് കർഷകരെ ദോഷകരമായി ബാധിക്കുന്നില്ല. കർഷകർ പൂൾ ചെയ്യുന്ന ഏലയ്ക്കയുടെ 25% മാത്രമേ വ്യാപാരികൾക്ക് വിറ്റഴിക്കാൻ കഴിയൂവെന്ന സ്പൈസസ് ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കപ്പെടണം. വ്യാപാരികളുടെ മേലുള്ള നിയന്ത്രണം ചെറുകിട കർഷകരെയും ബാധിക്കും. ഇതിനെതിരെയാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.സന്തോഷ് ജോസഫ്, വൈസ് പ്രസിഡന്റ്, കാർഡമം ഡീലേഴ്സ് ചേംബർ.
∙ റീപൂളിങ്ങ് വിലയിടിവിന് കാരണമാകുന്നു
റീപൂളിങ്ങ് നടത്തുന്നതിനാലാണ് ഏലയ്ക്കയുടെ ശരാശരി വില ഇടിയുന്നത്. വ്യാപാരികളുടെ നീക്കത്തെ നിയമപരമായി നേരിടും. കർഷകരിൽ നിന്നു യാതൊരു കമ്മിഷനും വാങ്ങാൻ വ്യാപാരികൾക്കു കഴിയില്ലെന്നിരിക്കെ ഒരു ശതമാനം കമ്മിഷനായി വാങ്ങുന്ന വ്യാപാരികൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.ഷൈൻ വർഗീസ്, ജനറൽ സെക്രട്ടറി, വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ.
∙ പ്രത്യേകം ലേലം വേണം
ലേല ഏജൻസികളിൽ ചൂതാട്ടമാണു നടക്കുന്നത്. ചില ലേല ഏജൻസികളുംവ്യാപാരികളും ചേർന്നു കർഷകരെ പറ്റിക്കുന്നു. വിഷയത്തിൽ സ്പൈസസ് ബോർഡ് കാര്യക്ഷമമായി ഇടപെടണം. കൃഷിക്കാർക്കും വ്യാപാരികൾക്കും പ്രത്യേകം ലേലം നടത്തണം. കൂടാതെ ലോട്ട് വിതരണം പൂർണമായി ഓൺലൈനാക്കണം.ആന്റണി കുഴിക്കാട്ട്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്.
∙കർഷകർക്ക് ഗുണം വേണം
കർഷകർക്ക് നേരിട്ടു പങ്കെടുക്കാൻ കൂടുതൽ ലോട്ട് ലഭ്യമാക്കണം. ഒപ്പം തന്നെ മത്സരബുദ്ധിയോടെ വിപണിയിൽ ഇടപെടുന്ന വ്യാപാരികളുണ്ടെങ്കിൽ മാത്രമേ കർഷകർക്ക് ഉയർന്ന വില ലഭിക്കൂ.ലേല കേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ കർഷകർക്കു ഗുണം ലഭിക്കൂ.ഷിജു വർഗീസ്, ഏലം കർഷകൻ, ചേറ്റുകുഴി
എന്താണ് റീപൂളിങ്ങ് ?
വാങ്ങുന്ന ഏലയ്ക്ക വീണ്ടും ലേലത്തിനു (തരംതിരിക്കാതെ) വയ്ക്കുന്നതാണു റീപൂളിങ്ങ്. ഇതിനെതിരെയാണു കർഷകരുടെ ആക്ഷേപം. കച്ചവടക്കാർ കർഷകരിൽ നിന്നു വാങ്ങുന്ന ഏലയ്ക്ക തരം തിരിച്ചു നിലവാരമുള്ള ഏലയ്ക്ക ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നു. തുടർന്നു നിലവാരം കുറഞ്ഞ ഏലയ്ക്ക വീണ്ടും ലേലത്തിന് എത്തിക്കുന്നു.
ഇതോടെ ഏലയ്ക്കയുടെ ശരാശരി വില കൂപ്പുക്കുത്തുന്നു എന്നതാണ് ആക്ഷേപം. കൂടാതെ വ്യാപാരികൾ കൂടുതലായി ലേലത്തിന് എത്തുന്നതോടെ കർഷകർക്കു ലേല ഏജൻസികളിൽ ലോട്ട് ലഭിക്കാതെ വരുന്നുവെന്ന പരാതിയുമുണ്ട്.കനത്ത വേനലിൽ വ്യാപക കൃഷിനാശം നേരിട്ടിട്ടും ഏലയ്ക്കയുടെ വില കൂടാത്തതു കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.