ADVERTISEMENT

തൊടുപുഴ∙ കൈക്കൂലി കേസിൽ പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ സംരക്ഷിക്കുന്നത് ജില്ലയിലെയും തൊടുപുഴയിലെയും സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് ആരോപിച്ചു. വിജിലൻസ് കേസിൽ പ്രതിയായ ശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലും പിറ്റേന്ന് ചെറുതോണിയിൽ ജില്ലാ കമ്മിറ്റി ഓഫിസിലും ഉന്നത നേതാക്കളുമായി നടന്ന ചർച്ചയിലും സനീഷ് പങ്കെടുത്തിരുന്നു. ആരോഗ്യ കാരണം പറഞ്ഞ് അവധിയിൽ പോയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ്. 

ഹൈക്കോടതിയിൽ  മുൻകൂർ ജാമ്യാപേക്ഷ നൽകിയതും വിജിലൻസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സനീഷിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടതും സിപിഎമ്മുകാരനായ പ്രോസിക്യൂട്ടറുടെ സമ്മതത്തോടെയാണ്. രാഷ്ട്രീയ കേസുകളിലും കൈക്കൂലി കേസുകളിലും പ്രതിയായവരെ ഭാരവാഹികളാകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും ഷിബിലി സാഹിബ് പറഞ്ഞു. 

ചെയർമാൻ എത്തി,ഫയലുകളിൽ ഒപ്പിട്ടു
തൊടുപുഴ∙ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഇന്നലെ ഉച്ചകഴിഞ്ഞ് നഗരസഭാ ഓഫിസിലെത്തി ഫയലുകൾ ഒപ്പിട്ടു മടങ്ങി. സിഡിഎസുമായി ബന്ധപ്പെട്ട ഫയലുകളാണ് ഒപ്പിട്ടതെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. 

രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം
തൊടുപുഴ∙ നഗരസഭ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫിസിനു മുന്നിൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സമരം കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെയും 13 ഇടതു കൗൺസിലർമാരുടെയും 2 ഏരിയ കമ്മിറ്റികളുടെയും അഭിപ്രായത്തെ ധിക്കരിച്ച് സ്ഥാനത്ത് തുടരുന്ന സനീഷ് ജോർജിനു എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാൻ സിപിഎം തയാറുണ്ടോയെന്ന് റോയ് കെ.പൗലോസ് ചോദിച്ചു. 

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.എച്ച്.സജീവ് അധ്യക്ഷത വഹിച്ചു. നിഷ സോമൻ, തോമസ് മാത്യു കക്കുഴി, എൻ.ഐ.ബെന്നി, ടി.ജെ.പീറ്റർ, ചാർളി ആന്റണി, ജോൺ നെടിയപാല, ജാഫർ ഖാൻ മുഹമ്മദ്‌, മനോജ്‌ കൊക്കാട്ട്, കെ.ദീപക്, തൂഫാൻ തോമസ്, ഷാഹുൽ മങ്ങാട്ട്, എസ്.ഷാജഹാൻ, ജോർജ് ജോൺ, കെ.ജി.സജിമോൻ, കെ.എം.ഷാജഹാൻ, കെ.എ.ഷഫീക്, റഷീദ് കപ്രാട്ടിൽ, സനു കൃഷ്ണ, നീനു പ്രശാന്ത്, നിസ സക്കീർ, റഹ്മാൻ ഷാജി, കെ.എ.അഷ്‌കർ, ജെയ്സൺ ജോർജ്, പി.എ.ഷാഹുൽ, എൻ.ഐ.സലിം എന്നിവർ പ്രസംഗിച്ചു. 

‘അവിശ്വാസ പ്രമേയം കൊണ്ടുവരണം’
കട്ടപ്പന∙ സ്വതന്ത്രനായ തനിക്ക് സിപിഎം പാർട്ടിയുടെ തീരുമാനം ബാധകമല്ലെന്ന് പറഞ്ഞ തൊടുപുഴ നഗരസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പാർട്ടി തീരുമാനത്തിന്റെ ആത്മാർഥത തെളിയിക്കാൻ സിപിഎം തയാറാണോയെന്ന് വെല്ലുവിളിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. പണവും ഗുണ്ടായിസവും ഉപയോഗിച്ച് ത്രിതല പഞ്ചായത്ത് ഭരണ സമിതികളെ അട്ടിമറിക്കുന്ന രാഷ്ട്രീയ സമീപനം തിരുത്താൻ സിപിഎം തയാറാകണമെന്നും ആവശ്യപ്പെട്ടു.

‘രാജി വയ്ക്കണം’
തൊടുപുഴ∙ അഴിമതി കേസിൽ പ്രതിയാക്കപ്പെട്ട നഗരസഭ ചെയർമാൻ ഉടൻ രാജി വയ്ക്കണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ പ്രഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. ഇതിനു പകരം ചില ന്യായങ്ങൾ പറഞ്ഞ് രാജിയിൽ നിന്ന് പിന്നാക്കം പോകുന്നത് അംഗീകരിക്കാനാവില്ല. സനീഷ് ജോർജ് സ്വതന്ത്രനായി ജയിച്ചതിനാൽ രാജിവയ്ക്കേണ്ടതില്ലെന്നു പറയുന്നതിൽ യാതൊരു കാര്യവുമില്ലെന്നും  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com