ഇവിടെ പഠനത്തോടൊപ്പം ചന്ദനവും വളർത്താം; കാന്തല്ലൂർ ഐഎച്ച്ആർഡി കോളജിൽ സാൻഡൽ ഗാർഡൻ പദ്ധതി
Mail This Article
മറയൂർ∙ കാന്തല്ലൂർ ഐഎച്ച്ആർഡി കോളജിലെ പ്രവേശനോത്സവം ആവേശമാക്കി കോളജ് ജീവനക്കാരും മറയൂർ ചന്ദന ഡിവിഷനും. ക്യാംപസിൽ ചന്ദനത്തോട്ടം നട്ടുവളർത്തുകയാണ് പഠനത്തോടൊപ്പമുള്ള ഇവിടത്തെ പ്രവർത്തനം. ആദ്യ അലോട്മെന്റിൽ 44 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ചന്ദനത്തൈകൾ നൽകിയാണ് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.തങ്കച്ചൻ ഇവരെ സ്വീകരിച്ചത്.
വനം വകുപ്പിന്റെ മറയൂർ ചന്ദന ഡിവിഷന്റെ സഹകരണത്തോടെ കോളജിലെ ബയോഡൈവേഴ്സിറ്റി ക്ലബ്, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ചന്ദനത്തോട്ടമുള്ള ക്യാംപസായി മാറുകയാണ് കോളജിന്റെ ലക്ഷ്യം. ചന്ദന തൈകൾ ക്യാംപസിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് വിദ്യാർഥികൾ നട്ടു.
ഓരോ വിദ്യാർഥികളും നട്ട തൈകൾ നാലു വർഷം പരിപാലിക്കുകയും പിന്നീട് എത്തുന്ന ബാച്ചിന് കൈമാറുകയും ചെയ്യുന്ന തരത്തിലാണ് സാൻഡൽ ഗാർഡൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ മാസവും മോണിറ്ററിങ് നടത്തുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.