ഈ രോഗികൾ എന്തു ചെയ്യണം? വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം ‘ഗുരുതരാവസ്ഥയിൽ’

Mail This Article
വണ്ണപ്പുറം∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ തിരക്ക് ഏറുമ്പോഴും ആവശ്യത്തിന് ജീവനക്കാരും ഡോക്ടറും ഇല്ലാതെ ജനം വലയുന്നു. ഇവിടെ 3 ഡോക്ടർമാർ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടായി. ഇതിൽ ഒരു ഡോക്ടർ അവധിയെടുത്താൽ പിന്നെ ഒരു ഡോക്ടർ മാത്രമാകുന്നതോടെ രോഗികൾ കാത്തിരുന്ന് വലയുകയാണ്. ദിവസവും മുന്നൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
എന്നാൽ ഡോക്ടർമാരുടെ കുറവുമൂലം ദീർഘനേരം കാത്തിരുന്നാലാണ് ഡോക്ടറെ കാണാൻ കഴിയുക. പിഎച്ച്സിയിൽ ഉണ്ടായിരുന്ന ലാബ് ടെക്നിഷ്യൻ ലീവിൽ പ്രവേശിച്ചതോടെ ലാബ് പരിശോധനയ്ക്ക് എത്തുന്ന രോഗികളെല്ലാം സ്വകാര്യ ലാബിൽ എത്തി പരിശോധിക്കേണ്ട ഗതികേടിലാണ്.ആദിവാസി മേഖലകൾ ഉൾപ്പെടെ മലയോര പ്രദേശങ്ങളിൽനിന്നെത്തുന്ന നിർധന രോഗികൾ ഇതുമൂലം ആകെ ബുദ്ധിമുട്ടിലാണ്.
എൻഎച്ച്എമ്മിൽനിന്നാണ് പിഎച്ച്സിയിൽ ലാബ് ടെക്നിഷ്യനെ നിയമിച്ചിരുന്നത്. ഇവർ അവധിയിൽ പ്രവേശിച്ചപ്പോൾ പകരം ആളെ നിയമിക്കാത്തത് രോഗികളെ വലയ്ക്കുകയാണ്. അതേസമയം ലാബ് ടെക്നിഷ്യനെ നിയമിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് സ്ഥിരസമിതി ചെയർപഴ്സൻ ജഗദമ്മ വിജയൻ പറഞ്ഞു.