ബസിനു മുകളിൽ മരം വീണ് സ്ത്രീക്ക് പരുക്ക്

Mail This Article
അടിമാലി ∙ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൻമരം കടപുഴകി വീണ് സ്ത്രീക്ക് പരുക്ക്.അടിമാലി ടൗണിൽ പഞ്ചായത്ത് ഓഫിസിന് സമീപം പാതയോരത്ത് നിന്നിരുന്ന 120 ഇഞ്ച് വണ്ണമുള്ള മരമാണ് ബസിന് മുകളിലേക്ക് വീണത്. ബസിലെ യാത്രക്കാരി രാജാക്കാട് സ്വദേശിനി ഷീലയെ (52) പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. 40ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അടിമാലി– കുമളി ദേശീയപാതയിലായിരുന്നു അപകടം. ശാന്തൻപാറയിൽ നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ശക്തി ബസാണ് അപകടത്തിൽപെട്ടത്.മരം കടപുഴകി വരുന്നതു കണ്ട് ഡ്രൈവർ വാഹനം പിറകോട്ട് എടുക്കുന്നതിനിടെയാണ് വാഹനത്തിന്റെ മുൻഭാഗം തകർത്ത് മരം വീണത്.
ഇതോടെ ചില്ലുകൾ തകരുകയും ബസിന് കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. മുൻ ഭാഗത്ത് ഇരുന്ന യാത്രക്കാരിക്കാണ് പരുക്കേറ്റത്. ഇവരുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവേറ്റു.ഒരാഴ്ച മുൻപ് ഇതേ മരത്തിന്റെ ശിഖരം അടർന്ന് ഓട്ടോറിക്ഷയിൽ പതിച്ച് ഡ്രൈവർക്ക് പരുക്കേറ്റിരുന്നു. ഓട്ടോയ്ക്ക് കേടുപാടുകളും സംഭവിച്ചു. തുടർന്ന് മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഇതേ മരം കടപുഴകി ബസിന് മുകളിൽ പതിച്ചത്.