കള്ളിപ്പാറ ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ടു; തിട്ടയിലിടിപ്പിച്ച് നിർത്തി
Mail This Article
വണ്ണപ്പുറം ∙ ചേലച്ചുവട് റോഡിൽ കള്ളിപ്പാറ ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഡ്രൈവറുടെ അവസരോചിതമായ നടപടിയെ തുടർന്നു വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. തൊടുപുഴയിൽ നിന്ന് രാവിലെ ഇതുവഴി ഇടുക്കിയിലേക്ക് പോയ ബസ് തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടമായത് മനസ്സിലായ ഡ്രൈവർ കോട്ടയം ചെങ്ങളം മാന്തറയിൽ പ്രസാദ് വിവരം കണ്ടക്ടർ വണ്ണപ്പുറം സ്വദേശി കുറപ്പ്കണ്ടത്തിൽ സലീമിനെ അറിയിച്ചു. ഉടൻ ബസിൽ നിന്നു ചാടി ഇറങ്ങിയ കണ്ടക്ടർ ബസിന്റെ ടയറിനു കല്ല് കൊണ്ട് ഊട് വച്ചു ബസിന്റെ വേഗം കുറച്ചു ഈ സമയം ഡ്രൈവർ ബസ് റോഡരികിലെ ഉയരത്തിലുള്ള മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തി. യാത്രക്കാർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.ഈ റൂട്ടിൽ ബസ് അപകടങ്ങൾ തുടർച്ചയാകുന്നതു ജനങ്ങളെ ഭീതിയിലാക്കുന്നു.