ഉപതിരഞ്ഞെടുപ്പ്, അവിശ്വാസം, രാജി....? നഗരസഭയിൽ രാഷ്ട്രീയ അനിശ്ചിതത്വം
Mail This Article
തൊടുപുഴ∙ ഉപതിരഞ്ഞെടുപ്പ്, അവിശ്വാസം; തൊടുപുഴ മുനിസിപ്പാലിറ്റിയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനു കളമൊരുങ്ങുന്നു. നഗരസഭയിൽ 35 അംഗ കൗൺസിലിൽ നിലവിൽ 34 കൗൺസിലർമാരാണുള്ളത്. 9–ാം വാർഡ് കൗൺസിലറായിരുന്ന മുൻ വൈസ് ചെയർപഴ്സൻ ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടർന്ന് ഈ വാർഡിൽ ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മുസ്‍ലിം ലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി കഴിഞ്ഞ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകി. തുടർന്ന് ഇവരെ വൈസ് ചെയർപഴ്സനാക്കി. ഇതിനെതിരെ മുസ്‍ലിം ലീഗ് നൽകിയ കേസിനെ തുടർന്നാണ് ഇവരുടെ കൗൺസിലർ സ്ഥാനം നഷ്ടമായത്.
എൽഡിഎഫിന്റെ തന്ത്രം ഫലിക്കുമോ ?
ചെയർമാന് എതിരെ അവിശ്വാസം പാസായാൽ ഇപ്പോൾ ഭരണം നടത്തുന്ന എൽഡിഎഫിന് വീണ്ടും ചെയർമാൻ സ്ഥാനം കിട്ടാനുള്ള സാധ്യതയും കുറവാണ്. നിലവിലെ ചെയർമാൻ സനീഷ് ജോർജിനെ എൽഡിഎഫ് അവിശ്വാസം കൊണ്ടു വന്ന് പുറത്താക്കിയാൽ അടുത്ത ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷിന്റെ നിലപാട് നിർണായകമാകും. സനീഷ് ജോർജ് തുടർന്നു യുഡിഎഫിനെ പിന്തുണച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇരു മുന്നണിക്കും വോട്ട് തുല്യമാകും.
മാത്രമല്ല ഇനി ഒൻപതാം വാർഡിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെ ഏത് മുന്നണി വിജയിക്കും എന്ന കാര്യത്തിലും ഉറപ്പില്ല. ഇനി ഇവിടെ യുഡിഎഫിനാണ് വാർഡ് വീണ്ടും ലഭിക്കുന്നതെങ്കിൽ സനീഷ് ജോർജിന്റെ കൂടി പിന്തുണ ഉണ്ടെങ്കിൽ ഭരണം യുഡിഎഫിന് ഉറപ്പാകും.നിലവിലെ ചെയർമാനെ പുറത്താക്കിയാൽ തുടർന്ന് വരുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് യുഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായ നിലപാട് എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഈ സാഹചര്യമാണ് എൽഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്നത്. നിലവിലെ ചെയർമാനെ അവിശ്വാസത്തിലൂടെ പുറത്താക്കിയാൽ വീണ്ടും ഭരണം എൽഡിഎഫിനു കിട്ടും എന്നതിൽ ഒരുറപ്പും ഇല്ലാത്തതിനാലാണ്എൽഡിഎഫ് അവിശ്വാസം കൊണ്ടു വരുന്നതിനോട് താൽപര്യം കാണിക്കാതെ നിൽക്കുന്നതെന്നാണു സൂചന.
യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നാൽ ?
യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നു ചെയർമാനെ പുറത്താക്കിയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതാക്കൾ. അതേ സമയം യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നാൽ ധാർമികതയുടെ പേരിൽ അവിശ്വാസത്തിൽ നിന്ന് മാറി നിന്നു കാര്യം സാധിച്ചെടുക്കാനാണു ഇവരുടെ ശ്രമം.
എൽഡിഎഫ് മാറി നിന്നാൽ ബിജെപി അവിശ്വാസത്തെ പിന്തുണച്ചാൽ മാത്രമേ ഇത് പാസാകൂ. പ്രതിപക്ഷം അവിശ്വാസം കൊണ്ടു വന്ന് ചെയർമാനെ പുറത്താക്കിയാൽ തുടർന്ന് നടക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജിന്റെ പിന്തുണ വീണ്ടും ഉറപ്പാക്കി ഭരണം നിലനിർത്താനാണു എൽഡിഎഫ് ലക്ഷ്യമിടുന്നത്. സനീഷിന്റെ പിന്തുണ തുടർന്നു ലഭിക്കുന്നില്ലെങ്കിൽ ഭരണം കൈവിട്ടു പോകുമെന്ന ആശങ്കയുണ്ടെന്നാണു സൂചന.
സിപിഎം വഴങ്ങിയത് ഭയം മൂലമെന്ന് യുഡിഎഫ്
തൊടുപുഴ ∙ നഗരസഭ ചെയർമാന്റെ ഭീഷണിക്കു മുന്നിൽ സിപിഎം വഴങ്ങിയത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചെയർമാന്റെ അഴിമതിയിൽ സിപിഎം കൂട്ടുകച്ചവടക്കാർ ആയതുകൊണ്ടാണെന്നും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെ ഇടതുമുന്നണി പുറത്താക്കി എന്നും ഇനി അദ്ദേഹവുമായി യാതൊരു വിധ ബന്ധവും ഉണ്ടായിരിക്കില്ല എന്നുമാണ് ഇടത് മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ചെയർമാനെ ഈ സ്ഥാനത്തുനിന്ന് പുറത്താക്കാൻ നിയമപരമായ നടപടി എന്ന നിലയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തയാറാകേണ്ടതായിരുന്നു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ 12 പേർ എൽഡിഎഫിനുണ്ട്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ തനിക്ക് കൂടുതൽ പ്രതികരിക്കേണ്ടി വരുമെന്ന് ചെയർമാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചെയർമാനെ എൽഡിഎഫിൽ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ യുഡിഎഫോ ബിജെപിയോ അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ സിപിഎമ്മും എൽഡിഎഫും പിന്തുണച്ച് വോട്ട് ചെയ്യുമോ എന്ന് വ്യക്തമാക്കണമെന്നും കൺവീനർ എൻ.ഐ.ബെന്നി, ചെയർമാൻ എ.എം.ഹാരിദ്, സെക്രട്ടറി ജോസി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.
അവിശ്വാസത്തിന് എത്ര പേരുടെ പിന്തുണ
നിലവിൽ ചെയർമാൻ ഉൾപ്പെടെ 14 പേരാണ് എൽഡിഎഫ് പക്ഷത്തുള്ളത്. യുഡിഎഫ്– 12 , ബിജെപി– 8 എന്ന കണക്കിലാണുമറ്റ് അംഗങ്ങൾ. ഇതിൽ ഏത് മുന്നണി അവിശ്വാസം കൊണ്ടു വന്നാലും ആകെയുള്ള അംഗങ്ങളിൽ പകുതിയിൽ കൂടുതൽ പേരുടെ പിന്തുണ (18 പേർ) ഉണ്ടായാൽ മാത്രമേ അവിശ്വാസം പാസാകൂ.
മൂന്നിൽ ഒന്ന് അംഗങ്ങളുടെ പിന്തുണ ഉണ്ടായാൽ മാത്രമേ അവിശ്വാസം അവതരിപ്പിക്കാനാവൂ. അങ്ങനെ വന്നാൽ ഇപ്പോൾ ചെയർമാനെതിരെ നിലപാട് എടുക്കുന്ന എൽഡിഎഫിനോ അല്ലെങ്കിൽ യുഡിഎഫിനോ മാത്രമേ അവിശ്വാസം അവതരിപ്പിക്കാൻ സാധിക്കൂ. അതേ സമയം ഏത് മുന്നണി അവിശ്വാസം അവതരിപ്പിച്ചാലും മറ്റൊരു മുന്നണി കൂടി ഇതിനെ പിന്തുണച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ.