പെൻസ്റ്റോക്ക് പദ്ധതി: പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കൊന്നത്തടി ∙ കൊന്നത്തടി പഞ്ചായത്തിലെ 14–ാം വാർഡിൽ കെഎസ്ഇബിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ കുറിച്ച് കമ്മിഷൻ നിർദേശിച്ച പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാ കുമാരി നിർദേശം നൽകിയത്.
കോഴിക്കോട് എൻഐടി അധികൃതർ സംഭവസ്ഥലം സന്ദർശിച്ചതായി കെഎസ്ഇബി കമ്മിഷനെ അറിയിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പ്രോജക്ട് മാനേജർ കമ്മിഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. അതേസമയം, മഴക്കാലത്ത് തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാതിക്കാർ കമ്മിഷനെ അറിയിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എൻജിനീയർ, ഇടുക്കി തഹസീൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ എൻഐടി ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. 20 മാസങ്ങൾക്ക് മുൻപാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ചവേളയിൽ ഉദ്യോഗസ്ഥർ കമ്മിഷന് മുന്നിലും കൃത്യമായ വിവരവും നൽകിയില്ല.
അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമാണം തുടരുന്ന സാഹചര്യം അദ്ഭുതപ്പെടുത്തുന്നതായി വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.