തൊഴിലുറപ്പ്: ഇടവെട്ടി പഞ്ചായത്ത് നടപ്പാക്കിയ 24 പദ്ധതികളിൽ തട്ടിപ്പ്
Mail This Article
ഇടവെട്ടി∙ 2020-21 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇടവെട്ടി പഞ്ചായത്ത് നടപ്പാക്കിയ 24 പദ്ധതികളിൽ തട്ടിപ്പ് നടന്നതായി സോഷ്യൽ ഓഡിറ്റ് വിഭാഗം. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി ചെലവഴിച്ച 3,81,130 രൂപ അന്നത്തെ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ കലക്ടർ ഉത്തരവിട്ടു. നിർമാണം നടക്കാത്ത കയ്യാല നിർമിച്ചതായും അപേക്ഷ പോലും നൽകാത്ത കൃഷിക്കാരുടെ ഭൂമിയിൽ മഴക്കുഴി നിർമിച്ചതായും വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തതായാണ് സോഷ്യൽ ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയത്.
2022-23 സാമ്പത്തിക വർഷത്തിലും 10.5 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് സോഷ്യൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നുവരികയാണ്. ചെയ്യാത്ത ജോലികളുടെ പേരിൽ മസ്റ്റർ റോൾ എടുക്കുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കളുടെ പേരിൽ തുക മാറിയെടുക്കുകയും ചെയ്തതായുള്ള ആരോപണത്തിലാണ് അന്വേഷണം നടന്നത്.
അതേ സമയം, മഴക്കുഴി നിർമാണം കഴിഞ്ഞ് 6 മാസത്തിലേറെ പിന്നിട്ട ശേഷം ഓഡിറ്റിങ്ങിന് എത്തിയപ്പോഴേക്കും മഴയിൽ മണ്ണൊലിച്ച് കുഴികൾ മൂടിപ്പോയ സ്ഥിതി പലയിടത്തും ഉണ്ടായിട്ടുണ്ടെന്ന് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ പറഞ്ഞു. ചില പുരയിടങ്ങളിൽ അതിനു ശേഷം വീടു നിർമാണത്തിനും മറ്റുമായി സ്ഥലമൊരുക്കിയതോടെ കുഴികൾ കുറവു വന്നു.
കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിൽ ഓഡിറ്റ് സംഘം വേണ്ടതു പോലെ നിരീക്ഷണം നടത്തിയതുമില്ല. മുകളിൽ പറഞ്ഞ വസ്തുതകൾ കലക്ടറെ ബോധിപ്പിക്കുമെന്നും കുഴികളിൽ വന്ന കുറവ് സ്ഥലമുടമകൾ തന്നെ പരിഹരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അഴിമതിയാരോപണങ്ങളിൽ കഴമ്പില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
പണം തിരിച്ചടയ്ക്കണമെന്ന ഉത്തരവ് വന്നതോടെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംരക്ഷിക്കുന്നതിനായി തൊഴിലുറപ്പ് വിഭാഗത്തിലെ കരാർ ജീവനക്കാരെ ബലിയാടാക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് ഇടവെട്ടി പഞ്ചായത്ത് കൺവീനർ ടി.എം.മുജീബ് അറിയിച്ചു.