വഴിയേ പോകുന്ന രോഗത്തെ വിളിച്ചുവരുത്തുന്നത് കാണണോ?
Mail This Article
വണ്ണപ്പുറം∙ പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്ന കാളിയാർ ബസ് സ്റ്റാൻഡിനു സമീപം മാലിന്യക്കൂമ്പാരം. കാളിയാറിലെ ശുചിമുറിയിൽ തകർന്നതിനാൽ ആളുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ അവിടെ നിന്നുള്ള ദുർഗന്ധവും കൊതുകു ശല്യവും ഉള്ളതിനു പുറമേയാണിത്. വിവിധ ആരോഗ്യ പരിശോധന, ഗർഭിണികൾക്കുള്ള പരിശോധന, കുഞ്ഞുങ്ങൾക്കുള്ള വൈറ്റമിൻ, വാക്സീനുകൾ, എന്നിവയെല്ലാം നൽകി വരുന്ന ആരോഗ്യ ഉപകേന്ദ്രത്തിനു മുന്നിലെ വൃത്തിഹീനമായ അന്തരീക്ഷം രോഗാവസ്ഥയിലേക്ക് എത്തിക്കുകയാണ്. ഒട്ടേറെ തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെയുള്ള സമീപവാസിക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല മറ്റ് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല., വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയോ, കൊതുകു നിർമാർജനത്തിനായുള്ള ഫോഗിങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.