ശരീരം പുറത്തിട്ട് സഞ്ചാരികളുടെ ജീപ്പ് യാത്ര; മൂന്നാറിൽ അപകടയാത്ര വീണ്ടും

Mail This Article
മൂന്നാർ ∙ ഓടുന്ന വാഹനങ്ങളിൽ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര വീണ്ടും. വെള്ളിയാഴ്ച വൈകിട്ട് മൂന്നാർ - മാട്ടുപ്പെട്ടി റോഡിലാണ് 2 ജീപ്പുകളിലായി പെൺകുട്ടികളടക്കമുള്ള സഞ്ചാരികൾ ശരീരം പുറത്തിട്ട് യാത്ര ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളാണിവർ. മൂന്നാറിൽ നിന്നുള്ള സഫാരി ജീപ്പുകളിലാണ് കനത്ത മഴയെ അവഗണിച്ച് യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തി മാട്ടുപ്പെട്ടിയിലേക്ക് യാത്ര ചെയ്തത്. വെള്ളിയാഴ്ച രാവിലെയും മാട്ടുപ്പെട്ടി റോഡിൽ ആലപ്പുഴ സ്വദേശികളായ യുവാക്കൾ ഓടുന്ന വാഹനത്തിൽ ശരീരം പുറത്തിട്ട് അപകടകരമായ വിധത്തിൽ യാത്ര ചെയ്തിരുന്നു.
വാഹനം പിടിച്ചെടുത്തു
ദേവികുളം ഗ്യാപ് റോഡ് വഴി വ്യാഴാഴ്ച അപകടകരമായ വിധത്തിൽ യുവാക്കൾ ശരീരം പുറത്തിട്ട് യാത്ര ചെയ്ത സംഭവത്തിൽ തമിഴ്നാട് സ്വദേശിയുടെ വാഹനം പിടിച്ചെടുത്തു. വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്ത് പൊലീസിന് കൈമാറിയത്. വാഹന ഉടമയോട് തൊടുപുഴയിലുള്ള എൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ അടുത്ത ദിവസം നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാട്ടുപ്പെട്ടി റോഡിൽ നടന്ന രണ്ടു സംഭവങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും നടപടി ഉണ്ടാകുമെന്നും വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.