പട്ടിശേരി അണക്കെട്ടിന്റെ രണ്ടാം ഘട്ട നിർമാണം പുനരാരംഭിച്ചു

Mail This Article
മറയൂർ∙ പട്ടിശേരി അണക്കെട്ടിന്റെ നിർമാണം വർഷങ്ങൾക്കുശേഷം വീണ്ടും തുടങ്ങി. കരാറുകാരന് അനുവദിച്ച തുകയിൽ പൂർത്തീകരിക്കാൻ കഴിയില്ലെന്നായതോടെ കൂടുതൽ തുക ബജറ്റിൽ അനുവദിച്ചാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ഡാമിന്റെ നിർമാണത്തിന്റെ രണ്ടാംഘട്ടം നിർമാണ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 2014ൽ ആരംഭിച്ച ഡാമിന്റെ നിർമാണം സാങ്കേതികവും അല്ലാതെയുമുള്ള കാരണങ്ങളാൽ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. ഒടുവിൽ കരാറിലെ അടങ്കൽ തുക കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ രണ്ടു വർഷം മുൻപ് നിർമാണ ജോലികൾ നിർത്തിവയ്ക്കുകയായിരുന്നു.
2014ൽ പദ്ധതിയുടെ അടങ്കൽ തുക 24 കോടി രൂപയായിരുന്നു. പിന്നീട് അത് 46.8 കോടി രൂപയായി ഉയർത്തി. രണ്ടു വർഷം മുൻപ് കരാറുകാരൻ വീണ്ടും കരാർ തുക പുതുക്കി നൽകണമെന്ന ആവശ്യവുമായി സർക്കാരിന് മുന്നിലെത്തി. കഴിഞ്ഞ മാസം 56 കോടി രൂപയായി വീണ്ടും ഉയർത്തി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡാമിന്റെ പണി പുനരാരംഭിച്ചിരിക്കുന്നത്. 33.2 മീറ്റർ ഉയരവും 140 മീറ്റർ നീളവുമുള്ള ഡാമാണ് നിർമിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യങ്ങൾ ഒരുക്കാനും ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയുന്ന പദ്ധതിയാണിത്. ഡാമിന്റെ എതിർവശത്തുള്ള സംരക്ഷണഭിത്തിയുടെ പൈലിങ്ങിന്റെ പണിയാണ് ആരംഭിച്ചത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാൻ സാധ്യതയുള്ള താഴ്ന്ന ഭാഗങ്ങളിലാണ് ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നത്.