ADVERTISEMENT

രാജകുമാരി ∙ ഇടുക്കി ജില്ലയിൽ വ്യാജ പട്ടയങ്ങൾ നൽകിയതിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ച പ്രത്യേകസംഘം അടുത്ത ദിവസം യോഗം ചേരുമെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ഉത്തര മേഖലാ ഐജി കെ.സേതുരാമൻ പറഞ്ഞു. മുൻ ഇടുക്കി ജില്ലാ കലക്ടറും സാമൂഹിക നീതി വകുപ്പ് ഡയറക്ടറുമായ എച്ച്.ദിനേശൻ, ഇടുക്കി നർകോട്ടിക് സെൽ ഡിവൈഎസ്പി പയസ് ജോർജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി ക്രൈംബ്രാഞ്ച്, റവന്യു വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിനെയും ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 

2 തഹസിൽദാർമാർ ഉൾപ്പെടെ 10 റവന്യു ഉദ്യോഗസ്ഥരുടെ ടീം വേണമെന്നാണ് അന്വേഷണസംഘം സർക്കാരിനെ അറിയിച്ചിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നത് വെല്ലുവിളിയാണെങ്കിലും കോടതിയിലും വിവിധ ഓഫിസുകളിലുമുള്ള ഫയലുകൾ ലഭിച്ചാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മൂന്നാറിലെ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് പതിനെട്ടിലധികം ഫയലുകളാണ് കോടതിയിലും വിവിധ ഓഫിസുകളിലുമായുള്ളത്. 2007ൽ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങളും 2004ൽ ഇന്റലിജൻസ് വിഭാഗം മുൻ എഡിജിപി രാജൻ മധേക്കർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടും ഇപ്പോഴത്തെ അന്വേഷണസംഘം പരിഗണിക്കുമോ എന്നതിൽ വ്യക്തതയില്ല. 

രാജൻ മധേക്കർ റിപ്പോർട്ട്  പരിഗണിക്കുമോ?
കയ്യേറ്റത്തിന് കൂട്ടുനിന്ന 19 ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാമർശമുള്ളത് രാജൻ മധേക്കർ റിപ്പോർട്ടിലാണ്. രാജൻ മധേക്കർ റിപ്പോർട്ടിൽ പരാമർശമുള്ള കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണം കോടതി നേരത്തെ തന്നെ തള്ളിയതാണെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം. സാഹചര്യങ്ങൾക്ക് മാറ്റമില്ലേയെന്നു സർക്കാരിനോട് ആരാഞ്ഞ കോടതി രേഖാമൂലം വിശദീകരണം നൽകാനും നിർദേശിച്ചു. അതിനുശേഷമാണ് വ്യാജപട്ടയുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണസംഘത്തെ നിയമിച്ചതായി സർക്കാർ കോടതിയെ അറിയിച്ചത്. 

ഇടുക്കിയുമായുള്ള ബന്ധം  പ്രയോജനകരമാകും
സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ഉത്തര മേഖല ഐജി കെ.സേതുരാമൻ മൂന്നാർ സ്വദേശിയാണ്. ടാറ്റ തേയില എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യ -സുബ്ബമ്മാൾ ദമ്പതികളുടെ മകനാണ് ഐജി.കെ.സേതുരാമൻ. കാഞ്ഞങ്ങാട് എഡിഎം ആയിരിക്കെ 2017ൽ ഐഎഎസ് ലഭിച്ച എച്ച്.ദിനേശൻ 2019 ഫെബ്രുവരി മുതൽ രണ്ടുവർഷവും 5 മാസവും ഇടുക്കി ജില്ലാ കലക്ടറായിരുന്നു. കഞ്ഞിക്കുഴി, കരിമണ്ണൂർ പ്രദേശങ്ങളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിച്ചത് ഇദ്ദേഹം ജില്ലാ കലക്ടർ ആയിരുന്നപ്പോഴാണ്. 

കേസുകൾ ഇന്നും കോടതിയുടെ പരിഗണനയിൽ
ജില്ലയിലെ ഭൂസംബന്ധമായ ചില കേസുകൾ ഇന്നും ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷൻ പരിഗണിക്കും. വ്യാജപട്ടയങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടപടികളാരംഭിച്ച വിവരം സർക്കാർ കോടതിയെ അറിയിച്ചേക്കും. എന്നാൽ, ഈ കേസ് പ്രത്യേകമായി ഇന്ന് പരിഗണിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com