ADVERTISEMENT

തൊടുപുഴ ∙ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ (എൻഎച്ച് 85) നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തിൽ വനംവകുപ്പിന് അവകാശമില്ലെന്നും റോഡ് വികസനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ എതിർക്കരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരെ വനംവകുപ്പ് മേൽക്കോടതിയിലേക്ക് പോകുന്നത് തടയാൻ ജില്ലയിലെ എൻഎച്ച് സംരക്ഷണ സമിതി ഇന്നലെ വനംമന്ത്രിയെ കണ്ടു നിവേദനം നൽകി. ഇത്തരത്തിൽ ജില്ലയിലെ മിക്ക പദ്ധതികളും വനംവകുപ്പുമായുള്ള പോരാട്ടത്തിലാണ്. അത്തരത്തിലുള്ള ചില പദ്ധതികൾ ഇതാ...

സത്രം എയർ സ്ട്രിപ് (ഫയൽ ചിത്രം)
സത്രം എയർ സ്ട്രിപ് (ഫയൽ ചിത്രം)

ഇടുക്കി – ഉടുമ്പന്നൂർ  റോഡ്
ഗുണം: ജില്ലാ ആസ്ഥാനത്തു നിന്നു തൊടുപുഴയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡ്. മണിയാറൻകുടിയിൽ നിന്നു ഉടുമ്പന്നൂരിലേക്ക് 18.5 കിലോമീറ്റർ മാത്രം. പൂർത്തിയായാൽ വാഴത്തോപ്പിൽ നിന്നു തൊടുപുഴയിലേക്കുള്ള ദൂരം പകുതിയാകും. 
നിലവിലെ അവസ്ഥ: റോഡ് പിഎംജിഎസ്‌വൈ പദ്ധതിയിൽ നിർമിക്കുന്നതിനു തീരുമാനമായി. വനമേഖലയിൽ കൂടി കടന്നു പോകുന്ന റോഡ് നിർമിക്കുമ്പോൾ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നിന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കാന്തല്ലൂർ വില്ലേജിൽ 40 ഏക്കർ റവന്യു ഭൂമി പകരമായി വനംവകുപ്പിനു വിട്ടു നൽകി. തുടർന്ന് ടെൻഡർ നടപടികളിലേക്ക് പോയപ്പോൾ വനംവകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമായി വന്നു. ഇതിന്റെ ഭാഗമായി കോട്ടയം ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് എൻഒസി ലഭിച്ചപ്പോൾ, കോതമംഗലം ഡിവിഷൻ പദ്ധതിയോടു മുഖം തിരിച്ചു. 

കൊച്ചി–മൂന്നാർ  ദേശീയപാത  വീതി കൂട്ടൽ
ഗുണം: മൂന്നാറിലേക്കുള്ള സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും യാത്ര സുഗമമാകും. നിലവിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. 
നിലവിലെ അവസ്ഥ: നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ പാത വീതികൂട്ടി നിർമിക്കുന്നതിനും മരം മുറിക്കുന്നതിനും വനംവകുപ്പ് അനുമതി നൽകുന്നില്ല. ഹൈക്കോടതി നിർദേശത്തിന് എതിരെ അപ്പീൽ നൽകാൻ വനംവകുപ്പിന്റെ നീക്കം. 

കാന്തല്ലൂർ–എസ്പി പുരം റോഡ് 
ഗുണം: കാന്തല്ലൂരിൽ നിന്നു എസ്പി പുരം–കുണ്ടള ഡാം വഴി മൂന്നാറിൽ എത്താൻ 30 കിലോമീറ്റർ മാത്രം. കാന്തല്ലൂരിൽ നിന്നു മറയൂർ വഴി മൂന്നാറിൽ എത്തിച്ചേരണമെങ്കിൽ ഇപ്പോൾ 60 കിലോമീറ്റർ സഞ്ചരിക്കണം. 
നിലവിലെ അവസ്ഥ: റോഡ് അറ്റകുറ്റപ്പണി നടത്താൻ വനംവകുപ്പ് അനുവാദം നൽകുന്നില്ല. പെരുമലയിലും 6 കിലോമീറ്റർ അകലെ മത്താപ്പിലും ചെക്പോസ്റ്റ് സ്ഥാപിച്ച് ഉദ്യോഗസ്ഥർ നിരീക്ഷണം ന‌ടത്തിവരുന്നു. 

കുളമാവ്–കപ്പക്കാനം റോഡ്
ഗുണം: കുളമാവിന്റെ വികസനത്തിന് പ്രയോജനകരമാകും. ഉറുമ്പുള്ള്, കപ്പക്കാനം, മുല്ലക്കാനം, ചക്കിമാലി നിവാസികൾക്ക് ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്ര എളുപ്പമാകും. നിലവിലെ അവസ്ഥ: മണ്ണുറോഡുണ്ടെങ്കിലും വനംവകുപ്പ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. റോഡ് ടാറിങ് നടത്താനോ കോൺക്രീറ്റ് ചെയ്യാനോ അനുവദിക്കുന്നുമില്ല. 

നക്ഷത്രക്കുത്ത് ജലവൈദ്യുത പദ്ധതി 
ഗുണം: മാങ്കുളം പാമ്പുംകയം നക്ഷത്രക്കുത്തിൽ പഞ്ചായത്ത് നടപ്പാക്കിയ ചെറുകിട ജലവൈദ്യുത പദ്ധതി ഗ്രാമീണ മേഖലയ്ക്ക് മുതൽക്കൂട്ടാകും. 
നിലവിലെ അവസ്ഥ: 2018ലെ പ്രളയത്തിൽ തകരാറിലായ പദ്ധതി പുനർ നിർമാണത്തിന് എനർജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് നടപടി സ്വീകരിച്ചതോടെ വനംവകുപ്പ് ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് പദ്ധതി തടസ്സപ്പെടുത്തി. ഇവിടെ നടപ്പാക്കാൻ കഴിയുന്ന ടൂറിസം പദ്ധതികൾക്കും വനംവകുപ്പ് തടസ്സം നിൽക്കുകയാണ്.

സത്രം എയർസ്ട്രിപ്  റോഡ്
ഗുണം: 1000 എൻസിസി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി ആണ് സത്രത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നത്. ഇടുക്കിയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർ സ്ട്രിപ് വരുന്നത് ഏറെ സഹായകരമാകും. നിലവിലെ അവസ്ഥ: നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി 14 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കൂടാതെ തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർനിർമാണത്തിന് തുകയും അനുവദിച്ചിട്ടുണ്ട്. റൺവേ നിർമാണം പൂർത്തിയാക്കി ചെറുവിമാനം ഇവിടെ ലാൻഡിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ കനത്ത മഴയിൽ പൂർണമായും തകർന്ന സംരക്ഷണഭിത്തി പുനർ നിർമിക്കുന്നതിന് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ നിർമാണം പൂർണമായി നിലച്ചു. 

ഉളുപ്പൂണി റോഡ്
ഗുണം : പതിപ്പള്ളി-മേമുട്ടം-ഉളുപ്പൂണി റോഡ് കടന്നു പോകുന്നത് ഉയർന്ന പ്രദേശത്തു കൂടിയായതിനാൽ വീതികൂട്ടി നിർമിച്ചെങ്കിൽ മാത്രമേ അപകടസാധ്യത ഒഴിവാകൂ. മേമുട്ടം വരെ 8 കിലോമീറ്റർ റോഡിന് 3 മീറ്റർ മാത്രമാണ് വീതി. ആദിവാസി മേഖലയായ പ്രദേശത്തിന്റെ ഏക ആശ്രയമാണ് വഴി.
നിലവിലെ അവസ്ഥ: ഇവിടെ ഐറിഷ് ഓട നിർമിക്കാൻ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ റോഡ് തകർന്നു പോകുന്ന സ്ഥിതിയായി. ഇതിനെതിരെ റോഡ് വികസനസമിതി ഹൈക്കോടതിയെ സമീപിച്ചതോടെ ഇരുവശവും കല്ല് പാകിയും ഐറിഷ് ഓട നിർമിച്ചും ഉടൻ പണി പൂർത്തീകരിക്കാൻ വിധിയായി. എന്നാൽ കല്ലു പാകാൻ അനുമതിയുണ്ടെങ്കിലും ഇത് കോൺക്രീറ്റ് ചെയ്യാൻ വനംവകുപ്പ് അനുമതി നൽകുന്നില്ല. 

തൊമ്മൻകുത്ത്  വെള്ളച്ചാട്ടം
ഗുണം: തൊമ്മൻകുത്ത്, ആനയടിക്കുത്ത് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സാധ്യമാകുന്നതിലൂടെ നിലവിലുള്ളതിന്റെ ഇരട്ടി സഞ്ചാരികൾ എത്തും.
നിലവിലെ അവസ്ഥ : മീനുളിയാൻപാറ സഞ്ചാരകേന്ദ്രം വനംവകുപ്പ് അടച്ചു പൂട്ടി.  തൊമ്മൻകുത്ത് ചപ്പാത്ത് ഉയർത്തി പണിയാനുള്ള അധികൃതരുടെ നീക്കവും വനംവകുപ്പ് തടയുകയാണ്. വണ്ണപ്പുറം തൊമ്മൻകുത്ത് മേഖലയിൽ വനഭൂമിയുടെ പേരു പറഞ്ഞ് കർഷകർ നട്ടു പിടിപ്പിച്ച മരങ്ങൾ വെട്ടാൻ അനുവദിക്കുന്നില്ല. വീടിനു മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന അപകട സാധ്യതയുള്ള മരം വെട്ടി നീക്കാൻ പോലും അനുവദിക്കുന്നില്ല. 

പാഞ്ചാലിമേട് ടൂറിസം കേന്ദ്രം
ഗുണം: പ്രകൃതിരമണീയമായ പാഞ്ചാലിമേട്ടിലെ വികസന പ്രവർത്തനങ്ങൾ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. 
നിലവിലെ അവസ്ഥ: വികസന പ്രവർത്തനങ്ങൾക്കായി രണ്ട് ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ച 5 കോടിയിൽ 2 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അവസാന ഘട്ടത്തിൽ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ടു വനം വകുപ്പ് തർക്കം ഉന്നയിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി തടസ്സപ്പെട്ടു.

ഇടമലക്കുടി വികസനം
ഗുണം: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ആവശ്യമായ ഒട്ടേറെ പദ്ധതികൾ വനംവകുപ്പ് ഭൂമി വിട്ടു നൽകുന്നതോടെ യാഥാർഥ്യമാകും. പഞ്ചായത്ത് ഓഫിസ്, ക്വാർട്ടേഴ്സുകൾ, പഞ്ചായത്തിനു കീഴിൽ വരുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ നിർമിക്കാനാകും
നിലവിലെ അവസ്ഥ: 2010ൽ രൂപീകൃതമായ പഞ്ചായത്തിന് 14 വർഷങ്ങളായിട്ടും ഒരു പുരോഗതിയും ഇല്ല. സൊസൈറ്റിക്കുടിയിലെ ആരോഗ്യ കേന്ദ്രത്തിന് സമീപം 2.5 ഏക്കർ ഭൂമി നൽകണമെന്നാവശ്യപ്പെട്ട്  2020ൽ സംസ്ഥാന കോ–ഓർഡിനേഷൻ കമ്മിറ്റിക്ക് അപേക്ഷ നൽകി. എന്നാൽ കേന്ദ്ര വനാവകാശ നിയമപ്രകാരം ഇടമലക്കുടിയിൽ ഓഫിസ് കെട്ടിടങ്ങൾ നിർമിക്കാൻ ഭൂമി വിട്ടു നൽകണമെങ്കിൽ കേന്ദ്ര വനമന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് കാട്ടി  ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com