ADVERTISEMENT

തൊടുപുഴ ∙ ജില്ലയുടെ അതിർത്തി പഞ്ചായത്തായ കാന്തല്ലൂരിലെ കുട്ടികളുടെ പഠിപ്പു മുടങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൺസ‌ഷൻ യാത്രയ്ക്കുള്ള ബസില്ലാത്തത്. കാന്തല്ലൂരിലും മറയൂരിലുമായി 70 കുട്ടികൾക്ക് ഈ വർഷം മാത്രം പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാതെ പഠനം മുടങ്ങിയിട്ടുണ്ട്.  ഇതിൽ മൂന്നാർ പഞ്ചായത്തിലെ വാഗുവരൈയിലെ സ്കൂളിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളിലേക്ക് പോകാൻ കെഎസ്ആർടിസി ബസിൽ ഒരു ദിവസം 100 രൂപയോളമാണ് ചെലവ്. ദിവസക്കൂലിയിൽ കഴിയുന്ന പല കുടുംബങ്ങൾക്കും ഇതു താങ്ങാനാകുന്നതല്ല.

മറയൂരിൽ പ്രതീക്ഷ വേണ്ട
ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ആകെയുള്ള ആശ്രയം മറയൂർ ഗവ.എച്ച്എസ്എസാണ്. ഇവിടെ ആകെയുള്ള സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി 110 സീറ്റാണ് ആകെയുള്ളത്. ആ സ്കൂളിൽ തന്നെ പത്താംക്ലാസ് ജയിക്കുന്നത് 140 കുട്ടികളാണ്. അവിടെത്തന്നെയുള്ള വിജയമാതാ അൺഎയ്ഡഡ് സ്കൂളിൽ നിന്ന് 50ഓളം കുട്ടികൾ എല്ലാവർഷവും വിജയിച്ചെത്തും. വിവിധ ക്വോട്ടകളിലായി മാറ്റി വച്ചിരിക്കുന്ന സീറ്റും കഴിഞ്ഞ് അഡ്മിഷൻ ലഭിക്കുക എന്നത് കീറാമുട്ടിയാണ്. പത്താം ക്ലാസോടെ പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ് കാന്തല്ലൂരിലെ കുട്ടികൾക്ക്. രക്ഷിതാക്കളെ ജോലിയിൽ സഹായിച്ച് കഴിഞ്ഞുകൂടുകയാണ് ഇവർ.

യാത്രക്കൂലി ആഴ്ചയിൽ ആയിരം
മൂന്നാർ വാഗുവരൈയിൽ സ്കൂളിൽ പ്രവേശനം ലഭിച്ചവർ കാന്തല്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ദിവസവും 40 രൂപ നൽകിയാണ് യാത്ര ചെയ്യുന്നത്. സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന യാത്രാനുകൂല്യം സ്വകാര്യ ബസിൽ നിന്ന് ഇവർക്ക് ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. കൃത്യസമയത്ത് കൺസഷൻ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസില്ല. കുട്ടികൾക്ക് സ്കൂളിലെത്താൻ രാവിലെ 7നു കാന്തല്ലൂരിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസ് മാത്രമാണ് ഇപ്പോൾ ആശ്രയം. എന്നാൽ തിരിച്ചു വരാൻ സ്വകാര്യ ബസ് ഇല്ല. 140 കിലോമീറ്റർ പരിധിയിൽ കുരുങ്ങി ഒട്ടേറെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ  റദ്ദായതോടെ ബസ് സർവീസ് മേഖലയിൽ കുറഞ്ഞു. 

പ്രവേശനം കിട്ടിയിട്ടും പോകാനാകാതെ
മറയൂർ–കാന്തല്ലൂർ മേഖലയിൽ നിന്ന് പ്ലസ് വണ്ണിലും പ്ലസ്ടുവിലുമായി 60ൽ അധികം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും അതിൽ 10ൽ താഴെ കുട്ടികൾ മാത്രമാണ് ഇപ്പോൾ എത്തുന്നതെന്നും വാഗുവരൈ സ്കൂൾ അധികൃതർ പറയുന്നു. കാന്തല്ലൂരിൽ നിന്ന് വാഗുവരൈയിലേക്ക് ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com