കാലവർഷം: സംസ്ഥാനത്ത് ഏറ്റവും മഴക്കുറവ് ഇടുക്കി ജില്ലയിൽ, 44 % കുറവ്
Mail This Article
തൊടുപുഴ ∙ കാലവർഷം എത്തി ഒരുമാസം പിന്നിട്ടപ്പോൾ, ജില്ലയിൽ 44 % മഴ കുറവ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം, ജൂൺ ഒന്നു മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 538.9 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴ 958.9 മില്ലിമീറ്റർ. സംസ്ഥാനത്ത് ഏറ്റവും മഴക്കുറവ് ഇടുക്കിയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലെ ലഭിക്കുന്നില്ല. ജില്ലയിൽ നിലവിൽ മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കണക്കിൽ’ മഴ കുറവാണെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും കാലവർഷക്കെടുതിയിൽ വീടുകൾക്ക് ഉൾപ്പെടെ നാശനഷ്ടങ്ങൾ നേരിട്ടു. കനത്ത മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും ഒരു മാസത്തിനിടെ 58.78 ലക്ഷം രൂപയുടെ കൃഷിനാശവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഇക്കുറി വേനൽമഴ സാധാരണയിലും കുറവായിരുന്നു.
പനിച്ചൂട് ഉയരുന്നു; ആശങ്കയുയർത്തി ഡെങ്കിപ്പനി
മഴ കുറവാണെങ്കിലും ജില്ലയിൽ പനിയുടെ കണക്ക് ഉയർന്നുതന്നെ. ആശുപത്രികളിൽ പനിബാധിതരുടെ തിരക്കാണ്. വൈറൽ പനിയാണു വ്യാപിക്കുന്നത്. പലയിടങ്ങളിലും ആശങ്കാജനകമായ വിധം ഡെങ്കിപ്പനി വ്യാപനവുമുണ്ട്. വൈറൽ പനി ബാധിച്ച് ഇന്നലെ 432 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജില്ലയിൽ ഈ മാസം 2755 പേർ പനിയെത്തുടർന്നു ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. ഇന്നലെ ജില്ലയിൽ 5 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഇതിനോടകം 39 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവരും ഏറെയുണ്ട്. ഈ മാസം രണ്ടു പേർക്ക് എലിപ്പനിയും രണ്ടു പേർക്ക് എച്ച്1 എൻ1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.