ADVERTISEMENT

ജില്ലയുടെ കാർഷിക മേഖലയെ തകർത്തെറിഞ്ഞ കൊടുംവേനലിനു പിന്നാലെയെത്തിയ കാലവർഷവും കർഷകർക്കു സമ്മാനിക്കുന്നത് നഷ്ടക്കണക്കാണ്. ജില്ലയിലെ കാർഷിക മേഖലയുടെ നിലവിലെ അവസ്ഥയെന്ത്? 

വിലയിടിവിൽ മനമിടിഞ്ഞ് ജാതി കർഷകർ
ജാതിപത്രിക്കു ലഭിക്കുന്ന പരമാവധി വില കിലോഗ്രാമിന് 1,700 വരെയാണ്. ലോട്ട് പത്രിക്ക് 1,100 വരെയും. കായയ്ക്കു കിലോഗ്രാമിന് 240 രൂപ വരെയാണ് വില ലഭിക്കുന്നത്. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ പത്രിക്കു 2,200 രൂപയും കായയ്ക്കു 380 വരെയും വില ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. ഇതോടൊപ്പം രോഗബാധയും വിലയിടിവും തിരിച്ചടിയായി മാറി.

വിലയിൽ ചാഞ്ചാടി  കുരുമുളക്
ഈ സീസണിൽ 720 രൂപ വരെ വില ഉയർന്ന കുരുമുളകിന് നിലവിൽ 675 രൂപയാണ് പ്രാദേശിക വിപണിവില. ഉൽപാദനത്തിലെ കുറവ് മൂലം കുരുമുളകിന്റെ വിലവർധന ഭൂരിഭാഗം കർഷകർക്കും പ്രയോജനപ്പെട്ടില്ല.  കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി. മഞ്ഞളിപ്പ്, ദ്രുതവാട്ടം, ചരടുകൊഴിച്ചിൽ എന്നിവയാണ് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയുള്ള വ3ിളവെടുപ്പ് കാലത്തിനു ശേഷം കുരുമുളക് ചെടികൾ വാടുകയും തുടർന്നു ലഭിക്കുന്ന നൂൽമഴയിൽ നന്നായി തളിർക്കുകയും ചെയ്യും. ഇങ്ങനെ തളിർക്കുമ്പോളാണ് കൂടുതൽ തിരികളിടുന്നത്. എന്നാൽ ഇത്തവണ പല സ്ഥലത്തും ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്തത്. ഇത് കുരുമുളക് തിരിയിടുന്നതിനെ പ്രതികൂലമായി ബാധിച്ചു. 

കൊക്കോ വിപണിയി‍ൽ  മാന്ദ്യം
പ്രധാന വിളവെടുപ്പ് സീസൺ അവസാനിക്കാനിരിക്കെ കൊക്കോ വിപണിയിൽ മാന്ദ്യം അനുഭവപ്പെടുകയാണ്. ചരക്കിന്റെ വരവ് കാര്യമായി കുറഞ്ഞതോടൊപ്പം വിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഉണക്കപ്പരിപ്പിന് 540 രൂപ വിലയുള്ളപ്പോൾ പച്ചയ്ക്കു 150 രൂപ മാത്രമാണ് ഇന്നലത്തെ ശരാശരി വില. അതേസമയം തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചെറുകിട, ഇടത്തരം കർഷകരുടെ പക്കൽ നിന്നു ഗുണമേന്മയുള്ള നന്നായി സംസ്കരിച്ച ഉണക്കപ്പരിപ്പ് വരുന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. മഴ കാരണമുള്ള ഫംഗസ് ബാധ മൂലം പൂ വിരിഞ്ഞു വരുന്ന പിഞ്ചു കായ്കൾ കറുത്ത നിറം വ്യാപിച്ചു വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. മരങ്ങളെയും രോഗം ബാധിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ കൊമ്പുകോതൽ നടത്തി ബോർഡോ മിശ്രിതം തളിച്ചു പരിപാലിക്കുന്ന തോട്ടങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. മഴ സാധാരണ നിലയിൽ കടന്നുപോയാൽ ഇനി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കും. 

മധുരിക്കാതെ പൈനാപ്പിൾ
ഉഷ്ണതരംഗം മറ്റു കൃഷികളെപ്പോലെ തന്നെ പൈനാപ്പിൾ കൃഷിയെയും ബാധിച്ചു. പുതുകൃഷിക്ക് ഉപയോഗിക്കുന്ന കാനി മുള പൊട്ടാൻ വൈകിയതോടെ ആവശ്യത്തിന് കിട്ടാനില്ലാതെ വന്നത് പല തോട്ടങ്ങളിലും കൃഷി താമസിപ്പിച്ചു. ലഭ്യതക്കുറവ് വില വർധനയുമുണ്ടാക്കി. മുൻപ് 6 – 8 രൂപയ്ക്ക് ലഭിച്ചിരുന്ന ഒന്നാം വർഷ കാനിക്ക് ഇപ്പോൾ 15 രൂപയാണ് വില. ഒരേക്കറിൽ ശരാശരി 8000 മുതൽ 9000 വരെ കാനി ആവശ്യം വരാറുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കാനിക്ക് മാത്രം 60,000 രൂപയിലേറെ അധികമായി ചെലവാക്കണം. രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും കാനികൾ വിലക്കുറവിൽ കിട്ടുമെങ്കിലും ഇതു വിളവിനെ ബാധിക്കുമെന്ന് കർഷകർ പറയുന്നു. എ ഗ്രേഡ് പഴം കിലോഗ്രാമിനു ശരാശരി 50 രൂപയും പച്ചയ്ക്ക് 45 രൂപയും ഇപ്പോൾ ലഭിക്കാറുണ്ട്. പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡ് ഓർഡറുകൾക്കു മാത്രമേ ഈ വില ലഭിക്കൂ. 

എന്തിനോ വേണ്ടി  തിളയ്ക്കുന്ന റബർവില
കടുത്ത വേനലിനെ തുടർന്ന് ജനുവരി മാസത്തിൽ നിർത്തിവച്ച ടാപ്പിങ് ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല. സാധാരണ മാർച്ച് മാസത്തോടെ നിർത്തിവയ്ക്കാറുള്ള ടാപ്പിങ്, വേനൽ രൂക്ഷമായതിനെ തുടർന്ന് ഇക്കൊല്ലം നേരത്തേ നിർത്താൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു. ഇതോടെ റബർക്കൃഷി മുഖ്യ വരുമാനമായ ലോറേഞ്ച് മേഖലയിലെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുൻപായി മേയ് മാസത്തിൽ മഴമറയിട്ട് ടാപ്പിങ് ആരംഭിക്കുന്ന രീതി തുടർന്നു വന്നിരുന്ന കർഷകർക്ക് ഇത്തവണ അതിനു പോലും തുക കണ്ടെത്താനായില്ല. മുൻവർഷങ്ങളിൽ പല റബർ ഉൽപാദക സംഘങ്ങളും സൗജന്യമായി മഴമറ സാമഗ്രികൾ നൽകിയിരുന്നത് ആശ്വാസമായിരുന്നെന്ന് കർഷകർ പറയുന്നു. 

കർഷകന്റെ മണ്ണും മനസ്സും നനച്ച റെയ്ഡ്കോയ്ക്ക് പൂട്ടുവീഴുന്നു 
തൊടുപുഴ ∙ ജില്ലയിലെ കൃഷിയിടങ്ങളെ നവീന ജലസേചനത്തിന്റെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച റീജനൽ അഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ഓഫ് കേരള (റെയ്ഡ്കോ) അടച്ചുപൂട്ടി. ജില്ലയിൽ 30 വർഷത്തിലേറെ കർഷകർക്ക് ആധുനിക കൃഷി രീതികൾക്കായുള്ള യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും സബ്സിഡിയായി വിൽപന നടത്തുകയും ചെയ്തിരുന്ന സ്ഥാപനമായിരുന്നു. ഇനി മുതൽ കാർഷിക ജില്ലയായ ഇടുക്കിക്ക് പിറവത്തു നിന്ന് സാധനങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തൊടുപുഴ – മൂവാറ്റുപുഴ റോഡിൽ സ്ഥിതി ചെയ്യുന്ന റെയ്ഡ്കോ സംസ്ഥാനത്ത് തന്നെ ലാഭത്തിൽ പ്രവർത്തിക്കുന്ന ഔട്‌ലെറ്റാണ്.

ജില്ലയിൽ പുതിയതായി എത്തിയ റംബുട്ടാൻ, അവക്കാഡോ അടക്കമുള്ള പഴവർഗ കൃഷികൾക്ക് റെയ്ഡ്‌കോയുടെ സൂക്ഷ്മ, കണികാ ജലസേചന പദ്ധതി ഏറെ സഹായകരമായിരുന്നു. പൈനാപ്പിൾ, നാണ്യവിളകൾ അടക്കമുള്ള കൃഷിയിലും റെയ്ഡ്കോയുടെ സഹായത്തോടെയാണ് നൂറുകണക്കിന് കർഷകർ കൃഷി ചെയ്തിരുന്നത്. നൂതന രീതിയിലുള്ള തോട്ടി മുതൽ കർഷകർക്ക് സഹായകരമായ കിസാൻ ഡ്രോൺ വരെ റെയ്ഡ്‌കോയിൽ നിന്നു വിതരണം ചെയ്യുന്നുണ്ട്. സാമ്പത്തികനഷ്ടം ചൂണ്ടിക്കാട്ടിയാണ് ലാഭത്തിൽ മുന്നോട്ടുപോയ ഔട്‌ലെറ്റ് പൂട്ടുന്നത്. തൊടുപുഴ ഷോറൂമിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഉദ്ദേശം 12 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ പാലക്കാട് ഡിപ്പോയിലേക്കു മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം തന്നെ സ്ഥാപനത്തിനു പൂട്ടുവീഴും.  അടുത്ത മാസം മുതൽ ജില്ലയിലെ കർഷകർക്ക് സമീപ ജില്ലകളിലെ ഡിപ്പോകളിൽ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ചെയർമാൻ എം.സുരേന്ദ്രൻ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com