ADVERTISEMENT

കട്ടപ്പന∙ പിഎസ്‌സി ജില്ലാ ഓഫിസിനായി സമുച്ചയം നിർമിക്കാൻ നഗരസഭ സ്ഥലം വിട്ടുനൽകിയിട്ട് 6 വർഷമായിട്ടും നടപടികൾ ഇഴയുന്നു. അടിമാലി-കുമളി ദേശീയപാതയ്ക്കു സമീപം അമ്പലക്കവലയിൽ 20 സെന്റ് സ്ഥലമാണ് നഗരസഭ സൗജന്യമായി വിട്ടുനൽകിയത്. 2018ൽ ആണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ പിഎസ്‌സിക്ക് കൈമാറിയത്. നിലവിൽ ഭവന നിർമാണ ബോർഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫിസിനായി അമ്പലക്കവലയിൽ മൂന്നുനില സമുച്ചയം പണിയാനാണ് ലക്ഷ്യമിടുന്നത്. 8 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 

ഓൺലൈൻ പരീക്ഷ നടത്താവുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാകും നിർമിക്കുക. വെരിഫിക്കേഷൻ മുറി, അഭിമുഖത്തിനുള്ള മുറി, ഓഫിസിൽ എത്തുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം സമുച്ചയത്തിൽ ഉണ്ടാകും. ഇതിനായി പൊതുമരാമത്ത് വകുപ്പ് ആദ്യം തയാറാക്കിയ പ്ലാനിൽ പിന്നീട് മാറ്റം വരുത്തേണ്ടി വന്നിരുന്നു. വിട്ടുകിട്ടിയ സ്ഥലത്ത് വാഹന പാർക്കിങ്ങിന് അപര്യാപ്തതയുണ്ടെന്നും 3.5 സെന്റ് സ്ഥലംകൂടി വിട്ടുകിട്ടിയെങ്കിൽ മാത്രമേ നിർമാണാനുമതി ലഭിക്കുകയുള്ളൂ എന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നഗരസഭയെ അറിയിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം നഗരസഭയിൽ നിലനിർത്തിക്കൊണ്ട് 3.5 സെന്റ് സ്ഥലം പാർക്കിങ്ങിന് ഉപയോഗപ്പെടുത്താൻ 2023 സെപ്റ്റംബറിലെ നഗരസഭാ കൗൺസിലിൽ തീരുമാനിച്ചിരുന്നു. ഇതിനുശേഷവും നടപടികൾ ഇഴയുന്നതിനാൽ വിട്ടുനൽകിയ സ്ഥലം കാടുകയറി മൂടിയ നിലയിലാണ്. ഭരണാനുമതിയായെങ്കിലും സാങ്കേതികാനുമതി ഇനിയും ലഭിച്ചിട്ടില്ല. സ്കെച്ചും പ്ലാനും ഡിസൈനുമെല്ലാം സൂപ്രണ്ടിങ് എൻജിനീയർ അംഗീകരിച്ചശേഷം വൈകാതെതന്നെ സാങ്കേതികാനുമതി ലഭ്യമാക്കി പണികൾ ആരംഭിക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്. നിലവിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന ഓഫിസിൽ ഒട്ടേറെ പരിമിതികളാണുള്ളത്. ജീവനക്കാരും ഉദ്യോഗാർഥികളുമെല്ലാം ഇതുമൂലം     ബുദ്ധിമുട്ടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com