കാത്തിരിക്കുന്നത് ഒന്നര മണിക്കൂർ!
Mail This Article
അടിമാലി∙ അടിമാലിയിൽനിന്ന് വൈകിട്ട് 4ന് മാങ്കുളത്തിന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി നിർത്തലാക്കിയതോടെ യാത്രക്കാർ വലയുന്നു. ഇതോടെ അടുത്ത ബസിനു വേണ്ടി ഒന്നര മണിക്കൂർ കാത്തു നിൽക്കേണ്ട സാഹചര്യമാണ് മാങ്കുളത്തേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പെടുന്ന യാത്രക്കാർക്കുള്ളത്. മാങ്കുളത്ത് എത്തിയിരുന്ന ബസ് 5.30ന് തിരികെ കല്ലാറിൽ എത്തി മൂന്നാറിനാണ് സർവീസ് നടത്തിയിരുന്നത്. മാങ്കുളത്തു നിന്നുള്ള ലാസ്റ്റ് ബസ് ഇതായിരുന്നു.
സർവീസ് നിർത്തലാക്കിയതോടെ മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് നടത്തി വന്നിരുന്ന സ്പെഷൽ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കൂമ്പൻപാറ ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽനിന്ന് കൺസഷൻ ഇല്ലാതെ ഫുൾ ടിക്കറ്റ് എടുത്ത് കല്ലാർ, കുരിശുപാറ, മാങ്കുളം പ്രദേശങ്ങളിലേക്കുള്ള വിദ്യാർഥികൾ കെഎസ്ആർടിസിയിൽ സഞ്ചരിച്ചിരുന്നത്.
തിരികെ മാങ്കുളത്തുനിന്ന് അടിമാലി ഭാഗത്തേക്കുള്ള കുട്ടികളും കൺസഷൻ ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്. ഇതോടൊപ്പം അധ്യാപകർ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരും ദുരിതത്തിലാണ്. ഇത്തരം സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മാങ്കുളം, കൂമ്പൻപാറ സ്കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും മൂന്നാർ സബ് ഡിപ്പോ അധികൃതരെ സമീപിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
രാവിലെ മൂന്നാറിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ് തിരികെ അടിമാലിയിൽ എത്തിയ ശേഷമാണ് 4ന് മാങ്കുളത്ത് എത്തി തിരികെ 5.30ന് കല്ലാർ വഴി മൂന്നാറിലേക്കു പോയിരുന്നത്. ദിവസേന 3,000 മുതൽ 3,500 രൂപ വരെ കലക്‌ഷൻ ലഭിച്ചിരുന്നു. അടിമാലിയിൽനിന്ന് ദേവികുളത്തേക്കാണ് സർവീസ് മാറ്റിയിരിക്കുന്നത്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി, കലക്ടർ, ആർടിഒ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.