പഴയ മൂന്നാറിൽ വൻ കെട്ടിടം നിർമിക്കാൻ പുഴയുടെ സ്വാഭാവിക ഒഴുക്കിന്റെ ഗതിമാറ്റി: വെള്ളക്കെട്ട് രൂക്ഷം
Mail This Article
മൂന്നാർ∙ പഴയ മൂന്നാറിൽ മഴക്കാലത്ത് സ്ഥിരമായി ദേശീയപാതയിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ദേശീയപാതയിൽ പതിവായുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നത്. പഴയ മൂന്നാറിൽ വൻ കെട്ടിടം നിർമിക്കുന്നതിനായി ന്യൂ മൂന്നാർ ഡിവിഷനിൽനിന്നുള്ള പുഴയുടെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റി വിട്ടതും വിസ്തൃതി കുറച്ചതുമാണ് പതിവായി വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് ആരോപണം.
പുഴയുടെ ഗതിമാറ്റി വിട്ടതോടെ ഒഴുകിയെത്തുന്ന വെള്ളം കെഡിഎച്ച്പി കായിക മൈതാനത്തുകൂടി ഒഴുകി ദേശീയപാതയിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കയറുന്നത് പതിവായിരിക്കുകയാണ്. പഴയ മൂന്നാറിൽ രണ്ടിടങ്ങളിലാണ് മഴക്കാലത്ത് ദേശീയ പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത്. വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ദേശീയപാത അധികൃതർ 5 വർഷം മുൻപ് ടേക്ക് എ ബ്രേക്കിന് സമീപം കലുങ്ക് നിർമിച്ചെങ്കിലും കെട്ടിട നിർമാണത്തിനായി പുഴയുടെ വിസ്തൃതി കുറയുകയും ഒഴുക്ക് ഗതിമാറ്റി വിടുകയും ചെയ്തതോടെ വെള്ളം മൈതാനത്തേക്ക് കയറി ഒഴുകുന്നതിനാൽ കലുങ്ക് പ്രയോജനപ്പെട്ടില്ല. വെള്ളക്കെട്ടു കാരണം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മഴക്കാലത്ത് ഇതുവഴി കടന്നു പോകുന്നത് ഏറെ പാടുപെട്ടാണ്.