ADVERTISEMENT

രാജകുമാരി∙ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ചിന്നക്കനാൽ ടാങ്ക്കുടി വണ്ണാത്തിപ്പാറയ്ക്കു സമീപം 9 അംഗ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു മരിച്ച ആദിവാസി യുവാവ് കണ്ണന്റെ(44) സംസ്കാര ചടങ്ങുകൾ ചെമ്പകത്തൊഴുക്കുടിക്ക് സമീപമുള്ള ശ്മശാനത്തിൽ നടന്നു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണു മൃതദേഹം എത്തിച്ചത്. സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്തും കൂലിപ്പണിയെടുത്തും കുടുംബം പുലർത്തിയിരുന്ന കണ്ണന്റെ വേർപാട് ഭാര്യ ശ്രീദേവിക്കും, മകൾ സെൽവിക്കും താങ്ങാവുന്നതിലും അധികമായിരുന്നു. നാട്ടിലെ ഏത് ആവശ്യങ്ങൾക്കും മുന്നിട്ടിറങ്ങിയിരുന്ന കണ്ണന്റെ മരണം ടാങ്കുകുടി, ചെമ്പകത്തൊഴുക്കുടി എന്നിവിടങ്ങളിലെ മറ്റു കുടുംബങ്ങളെയും ദു:ഖത്തിലാഴ്ത്തി.

∙ജീവനെടുത്തത് ‘കൊക്കിപ്പിടി’ സംഘം
ഒറ്റയാൻമാരെ പേടിച്ച് കാടിറങ്ങിയ പിടിയാനക്കുട്ടമാണ് ഞായറാഴ്ച കണ്ണന്റെ ജീവനെടുത്തത്. ‘കൊക്കിപ്പിടി’ (കൊക്കോ എന്ന ശബ്ദം കേൾപ്പിക്കുന്നതിനാൽ) എന്നുവിളിക്കുന്ന പിടിയാന നേതൃത്വം നൽകുന്ന ഈ കൂട്ടത്തിൽ 2 കുട്ടിക്കൊമ്പൻമാരും ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പന്നിയാർ, തലക്കുളം, ബിഎൽ റാം, വണ്ണാത്തിപ്പാറ, ആനയിറങ്കൽ, സിങ്കുകണ്ടം, സിമന്റ് പാലം എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെല്ലാം ഈ കാട്ടാനക്കൂട്ടത്തിന്റെ ശല്യമുണ്ട്. 2023 ജനുവരി 25നു പന്നിയാറിനു സമീപം വനംവകുപ്പ് വാച്ചറായിരുന്ന ശക്തിവേലിനെ (54) കൊലപ്പെടുത്തിയത് ഈ കാട്ടാനക്കൂട്ടം ആണെന്നാണു വനംവകുപ്പിന്റെ നിഗമനം.

കഴിഞ്ഞ ജനുവരി 8ന് പന്നിയാർ എസ്റ്റേറ്റിൽ കൊളുന്തു നുള്ളാൻ പോയ തോണ്ടിമല സ്വദേശിനി പരിമളത്തെ(44) കൊലപ്പെടുത്തിയതും ഇതേ ആനക്കൂട്ടമായിരുന്നു. 2021 ജൂലൈ 21ന് തലക്കുളത്തെ കൃഷിയിടത്തിൽ ഏലയ്ക്ക വിളവെടുക്കുന്നതിനിടെ കോരംപാറ സ്വദേശിനി വിമലയെ(45) ആക്രമിച്ച് കൊലപ്പെടുത്തിയതും ഈ ആനക്കൂട്ടം ആണെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് ഈ ആനക്കൂട്ടം രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. 3 വർഷം മുൻപ് ഈ ആനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പിടിയാന 301 കോളനിക്കു സമീപം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിരുന്നു. അതിനു ശേഷം ഈ ആനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമായി.

∙ അവസാനിക്കാത്ത  ദുരിതം
2018ന് ശേഷം ഇതുവരെ ജില്ലയിൽ 23 പേരാണു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ദേവികുളം റേഞ്ചിൽ 7 പേർ കൊല്ലപ്പെട്ടത് അരിക്കൊമ്പൻ എന്ന ഒറ്റയാന്റെ ആക്രമണത്തിലാണ്. അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് മയക്കുവെടി വച്ച് പിടികൂടി കാടുകടത്തിയിരുന്നു. അതിനുശേഷം മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമായി. കഴിഞ്ഞ ജനുവരി 26ന് ബിഎൽ റാമിലെ കൃഷിയിടത്തിൽ വച്ചു സൗന്ദർരാജൻ (68) എന്ന കർഷകനെ കൊലപ്പെടുത്തിയതു ചക്കക്കൊമ്പനാണ്. 2022 മാർച്ച് 30ന് സിങ്കുകണ്ടം സ്വദേശി ബാബു (50) മരിച്ചതും ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടർന്നാണ്. മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും ചിന്നക്കനാൽ മേഖലയിൽ ഭീഷണി ഉയർത്തുന്നു. ഈ ഒറ്റയാൻമാരെ കൂടാതെയാണു ‘കൊക്കിപ്പിടി’ എന്നറിയപ്പെടുന്ന പിടിയാന നേതൃത്വം നൽകുന്ന 9 അംഗ പിടിയാനക്കൂട്ടം നാടിന്റെ സമാധാനം കെടുത്തുന്നത്.

ആക്രമണം രൂക്ഷം; പക്ഷേ, ചിന്നക്കനാലിൽ നടപടിയില്ല
തൊടുപുഴ ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവി ആക്രമണമുള്ള പഞ്ചായത്തായ ചിന്നക്കനാലിൽ വനംവകുപ്പിന്റെ വന്യജീവി പ്രതിരോധം പ്രവർത്തനങ്ങൾ നടക്കുന്നില്ല. പഞ്ചായത്തിൽ 6 വർഷത്തിനിടെ കാട്ടാനകൾ 6 പേരെ കൊലപ്പെടുത്തിയിട്ടും വനംവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വന്യജീവിശല്യത്തിനു പ്രതിരോധ പ്രവർത്തനമായി വനംവകുപ്പ് അവകാശപ്പെടുന്ന സൗരോർജ വേലികൾ, സൗരോർജ തൂക്കുവേലികൾ, കിടങ്ങുകൾ, സംരക്ഷണ ഭിത്തികൾ, റെയിൽ ഫെൻസിങ് എന്നിവയൊന്നും പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടില്ല. ആകെയുള്ളത് വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരികെ അയയ്ക്കുന്ന ദ്രുത കർമ സേനയുടെ (ആർആർടി) പ്രവർത്തനം മാത്രമാണ്. മൂന്നാർ ഡിവിഷന്റെ ദേവികുളം റേ‍ഞ്ചിന്റെ കീഴിൽ വരുന്ന ചിന്നക്കനാലിൽ നിന്നാണ് അരിക്കൊമ്പനെ കാടുകടത്തിയത്.

ഈ നടപടി ആശ്വാസമായെങ്കിലും മറ്റു ആനകൾ ഇപ്പോഴും അവിടെ പ്രശ്നമുണ്ടാക്കുന്നു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് ഉൾപ്പെടുന്ന ആനയിറങ്കൽ മേഖലയിൽ 18 ആനകളുണ്ടെന്നാണു വനംവകുപ്പിന്റെ കണക്ക്. ഇതിൽ 9 ആനകളുൾപ്പെടുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നത്. ഒറ്റയാന്മാരും സജീവം. ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാറിൽ റേഷൻകടയ്ക്കും സ്കൂളിനും സംരക്ഷണമൊരുക്കി സോളർ ഫെൻസിങ് ഒരുക്കിയതാണ് ചിന്നക്കനാലിലെ കാട്ടാനകളെ നേരിടാൻ ആകെ നടന്നൊരു പ്രതിരോധ നടപടി. ചിന്നക്കനാലിൽ ആർആർടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും എല്ലാ മേഖലയിലും അവർക്കും ഓടിയെത്താൻ കഴിയാത്ത സ്ഥിതിയാണ്.

കാട്ടാനകളെ വിലസാൻ  അനുവദിച്ച് വനംവകുപ്പ്
മറയൂർ ∙ കർഷകർ മുഖ്യമന്ത്രിക്കു വരെ പരാതി നൽകിയിട്ടും മറയൂരിലും കാന്തല്ലൂരിലും വിലസുന്ന കാട്ടാനകളെ കാട്ടിൽ കയറ്റാൻ വനംവകുപ്പിന് ഉദേശമില്ല. ഓണത്തിനായി ഇറക്കിയ കൃഷി ചവിട്ടിമെതിച്ചാണു കാട്ടാനകൾ ഇപ്പോൾ കാന്തല്ലൂരിലൂടെ നടക്കുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നാണു മറയൂരിലേക്കും കാന്തല്ലൂരിലേക്കും കാട്ടാനകൾ എത്തുന്നത്. നാലു ഗ്രൂപ്പുകളായി തിരിഞ്ഞു 23 കാട്ടാനകൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നെന്നു നാട്ടുകാർ പറയുന്നു. രാവും പകലും കൃഷി നശിപ്പിച്ചിട്ടും നഷ്ടപരിഹാരം എങ്ങനെ ലഭിക്കുമെന്നു വിശദീകരിക്കാൻ പോലും വനംവകുപ്പ് തയാറല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞമാസം കാട്ടാനകളെ കാട്ടിലേക്ക് ഓടിച്ചു വിടാൻ തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പും പൊലീസും ചേർന്നു ദൗത്യം നടത്തിയിരുന്നു. എന്നാൽ ഒറ്റ ദിവസത്തിൽ ദൗത്യം അവസാനിപ്പിച്ചതോടെ പരിപാടി നാട്ടുകാരെ പറ്റിക്കാൻ ആയിരുന്നെന്നാണ് ആരോപണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com