വന്യമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും; പച്ചക്കറിക്കൃഷി ഉപേക്ഷിച്ച് വട്ടവടയിലെ കർഷകർ

Mail This Article
മൂന്നാർ ∙ വന്യമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും കാരണം സംസ്ഥാനത്തിന്റെ ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ കർഷകർ പച്ചക്കറി കൃഷികളിൽ നിന്നു പിൻമാറി തുടങ്ങി. പഞ്ചായത്തിലെ ചിലന്തിയാർ, പഴത്തോട്ടം, വട്ടവട, ഇടമണൽ, കൊട്ടാക്കമ്പൂർ, കടവരി, വത്സപ്പെട്ടി, കൂടല്ലാർ തുടങ്ങിയ മേഖലകളാണ് ഏറ്റവുമധികം പച്ചക്കറികളും വെളുത്തുള്ളിയും ഉദ്പാദിപ്പിക്കുന്നത്. വട്ടവട പഞ്ചായത്തിലെ ജനസംഖ്യയുടെ 60% പേരും പരമ്പരാഗത പച്ചക്കറി കൃഷികൾ ചെയ്താണ് ഉപജീവനം നടത്തി വരുന്നത്. എന്നാൽ രണ്ടു വർഷമായി പച്ചക്കറി കൃഷികൾക്കാവശ്യമുള്ള വെള്ളം യഥാസമയം ലഭിക്കാത്തത് കാരണം സീസണിൽ കുറച്ചു കൃഷികൾ മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്.
മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്ത കൃഷികൾ ഇത്തവണ കടുത്ത വേനലിൽ വ്യാപകമായി കരിഞ്ഞുപോയി.വട്ടവട മേഖലയിൽ ഇത്തവണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കടുത്ത വേനലായിരുന്നു . സംസ്ഥാനത്ത് ഓണക്കാലത്തേക്കാവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത് ഈ മാസങ്ങളിലായിരുന്നു. എന്നാൽ മഴ ചതിച്ചതോടെ ഒരു മാസം മുൻപ് മാത്രമാണ് കർഷകർക്ക് കൃഷികളിറക്കാൻ കഴിഞ്ഞത്. വിവിധ തരം ബീൻസുകൾ, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയാണ് നിലവിൽ മേഖലയിൽ വ്യാപകമായി കൃഷിയിറക്കിയിരിക്കുന്നത്. മിക്ക പച്ചക്കറികളും വിളവെടുക്കാറായതോടെയാണ് കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കാനാരംഭിച്ചത്. കൊമ്പനടക്കം മൂന്ന് കാട്ടാനകളാണ് പഴത്തോട്ടം മേഖലയിൽ അഞ്ചു ദിവസമായി പച്ചക്കറികൾ വ്യാപകമായി തിന്നു നശിപ്പിക്കുന്നത്.
ഏക്കറുകണക്കിന് സ്ഥലത്തെ കൃഷികളാണ് ആനകൾ ഇതിനോടകം തിന്നു നശിപ്പിച്ചത്. കൂടാതെ ഏക്കറുകണക്കിന് സ്ഥലത്തെ വെളുത്തുള്ളി അടക്കമുള്ള കൃഷികൾ ചവിട്ടി നശിപ്പിക്കുകയും ചെയ്തു. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ തുരത്താൻ ഒരു നടപടിയുമെടുക്കാത്തതിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. കടുത്ത വേനലിൽ കൃഷികൾ കരിഞ്ഞു പോകുകയും ആനയടക്കമുള്ള വന്യമൃഗങ്ങൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നഷ്ടപരിഹാരവും കർഷകർക്ക് ലഭിച്ചിട്ടില്ല.ഇതോടെയാണ് ലക്ഷങ്ങൾ കടം വാങ്ങി പരമ്പരാഗതമായി നടത്തി വരുന്ന പച്ചക്കറി കൃഷികളിൽ നിന്നും വട്ടവടയിലെ കർഷകർ പിൻ വാങ്ങി തുടങ്ങിയത്.