മഴ ശക്തം; ഇടുക്കി ജില്ലയിൽ ഇന്നും യെലോ അലർട്ട്

Mail This Article
തൊടുപുഴ ∙ ജില്ലയിൽ പരക്കെ ശക്തമായ മഴ. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ ഇടവിട്ട് കനത്ത മഴയായിരുന്നു. രാത്രിയും മഴയ്ക്കു ശമനമായിട്ടില്ല. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്നലെ രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 63.32 മില്ലിമീറ്റർ മഴയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അതേസമയം, കാലവർഷം ആരംഭിച്ച് രണ്ടുമാസം ആകുമ്പോൾ ജില്ലയിൽ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്നാണ് കണക്കുകൾ. ജൂൺ 1 മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചതു 1038 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴ 1506.7 മില്ലിമീറ്റർ. 31 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മഴ അളവ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
തൊടുപുഴ–63
ഇടുക്കി– 82.6
പീരുമേട്– 87
ദേവികുളം–62
ഉടുമ്പൻചോല–22.