മരം വീണു വൈദ്യുതക്കമ്പി പൊട്ടി വീണിട്ട് 12 ദിവസം; പരാതി നൽകിയിട്ട് നടപടിയില്ല

Mail This Article
മറയൂർ ∙ ശക്തമായ കാറ്റിൽ മരം വീണു വൈദ്യുതക്കമ്പി പൊട്ടി വീണിട്ടു 12 ദിവസം. വൈദ്യുതിവകുപ്പ് ഓഫിസിലും പോർട്ടലിലും പരാതി നൽകിയിട്ടും നടപടിയില്ല. വൈദ്യുതി പ്രവാഹം ഉണ്ടാകുമോ എന്ന ഭയത്താൽ പറമ്പിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയെന്നും കർഷകന്റെ പരാതി. കോവിൽക്കടവിലെ കർഷകനായ താഴയാണിയിൽ ജയനാണ് പൊട്ടിവീണ വൈദ്യുതക്കമ്പി മാറ്റാത്തതുമൂലം തന്റെ കൃഷിയിടത്തിലേക്കു പോകാൻ കഴിയാതെ വലയുന്നത്.
പ്രദേശത്ത് രണ്ടാഴ്ചയായി ശക്തമായ കാറ്റും മഴയുമാണ്. വീണതിന്റെ പിറ്റേദിവസം തന്നെ വൈദ്യുതി പ്രശ്ന പരിഹാര സെല്ലിലേക്ക് പരാതിപ്പെട്ടു. തുടർന്ന്, വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പരിശോധിച്ചു മടങ്ങി. പിന്നീട് മറയൂർ ഓഫിസിലെത്തിയും വിവരം അറിയിച്ചു. എന്നിട്ടും നടപടിയില്ല. കഴിഞ്ഞദിവസം വീണ്ടും നേരിട്ട് എത്തി അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.