കനത്ത മഴ; മൂന്നാറിൽ ബ്രിട്ടിഷുകാർ നിർമിച്ച 100 വർഷം പഴക്കമുള്ള പാലത്തിന്റെ നടുവിൽ വൻ ഗർത്തം

Mail This Article
മൂന്നാർ∙ ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പഴയ മാട്ടുപ്പെട്ടി പാലത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് ബ്രിട്ടിഷുകാർ നിർമിച്ച നൂറു വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ നടുവിൽ ഗർത്തം രൂപപ്പെട്ടത്. ഗർത്തമുണ്ടായതോടെ അപകടാവസ്ഥയിലായ നിലയിലാണ് ഇരുമ്പുപാളികൾ കൊണ്ട് നിർമിച്ച പാലം. ഇരുവശങ്ങളിലുമുള്ള കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് ബ്രിട്ടിഷുകാർ മാട്ടുപ്പെട്ടി പാലം നിർമിച്ചത്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലത്തിനു സമാനമായാണ് ഈ പാലത്തിന്റെയും നിർമിതി.
റീജനൽ ഓഫിസ് കവലയിൽ നിന്നും മാട്ടുപ്പെട്ടി, ദേവികുളം ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള പാലമായിരുന്നു ഇത്. സമീപത്തായി പത്തുവർഷം മുൻപ് പുതിയ പാലം നിർമിച്ചതോടെ മാട്ടുപ്പെട്ടി, ദേവികുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വൺവേ സംവിധാനം വഴി പഴയപാലം വഴിയാണ് നിലവിൽ കടത്തിവിടുന്നത്. കാലപ്പഴക്കം മൂലം പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണിപ്പോൾ. കരിങ്കൽ തൂണുകളിൽ നിന്നുള്ള ഇരുമ്പുപാളികൾ തുരുമ്പെടുത്ത് നശിച്ച നിലയിലുമാണ്. ഇതിനു പുറമേയാണ് പാലത്തിന്റെ നടുവിൽ ഗർത്തമുണ്ടായിരിക്കുന്നത്. വട്ടവട മേഖലകളിൽ നിന്നുള്ള തടി ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഈ പാലം വഴിയാണ് കടന്നു പോകുന്നത്.