ഇടുക്കിയിലെ മലനിരകളിൽ ‘മേട്ടുക്കുറിഞ്ഞി’ വസന്തം; നീലിമയാർന്ന കാഴ്ച
Mail This Article
പീരുമേട് ∙ പരുന്തുംപാറ, കുട്ടിക്കാനം ആഷ്‌ലി മലനിരകളിൽ മേട്ടുക്കുറിഞ്ഞി പൂത്തു. നീലക്കുറിഞ്ഞിയുടെ വകഭേദത്തിൽ (ഉപവിഭാഗത്തിൽ) വരുന്ന മേട്ടുക്കുറിഞ്ഞി (ശാസ്ത്രീയ നാമം: സ്ട്രോബൈലാന്തസ് വൈറ്റിയാനസ്) 7 വർഷം കൂടുമ്പോഴാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയെപ്പോലെ ഇളം വയലറ്റ്, നീല നിറങ്ങളിലുള്ളതാണ് പൂവ്. കട്ടപ്പന കല്യാണത്തണ്ട്, വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലും മേട്ടുക്കുറുഞ്ഞി നീലിമയാർന്ന കാഴ്ച സമ്മാനിക്കുന്നുണ്ട്.
നിരനിരയായി കൂട്ടത്തോടെ പൂത്തുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണാനും ഇവയുടെ ചിത്രങ്ങൾ പകർത്താനും സഞ്ചാരികൾ ഉൾപ്പെടെ എത്തുന്നുണ്ട്. മഴയില്ലാത്ത കാലാവസ്ഥയിൽ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.
കട്ടപ്പനയിലെ കല്ല്യാണത്തണ്ടിലേക്ക് എത്താൻ തൊടുപുഴ–കട്ടപ്പന റൂട്ടിൽ വാഴവരയ്ക്കു സമീപത്ത് നിന്ന് വലത്തേക്ക് സഞ്ചരിച്ചാൽ കല്ല്യാണത്തണ്ടിലേക്ക് എത്താം.വാഗമണ്ണിലെ വിവിധ മൊട്ടക്കുന്നുകളിൽ മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്. കുട്ടിക്കാനത്ത് നിന്ന് ഏലപ്പാറയിലേക്കുള്ള മലയോര ഹൈവേ വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ആഷ്‌ലി കവലയിലും ഇവിടെനിന്നുള്ള സമാന്തര പാതയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മലനിരകളിലും എത്താം. കുട്ടിക്കാനത്തു നിന്ന് കുമളി റോഡിൽ കല്ലാർ കവലയിൽ എത്തിയശേഷം ഗ്രാമ്പി റോഡിലൂടെ സഞ്ചരിച്ചാൽ പരുന്തുംപാറയിലെ മേട്ടുക്കുറിഞ്ഞിയുടെ കാഴ്ചകൾ കാണാം.