ADVERTISEMENT

മറയൂർ / രാജകുമാരി∙ ഭീതി വിതച്ച് വീണ്ടും മഴ. മറയൂർ മേഖലയിലും കേരള – തമിഴ്നാട് അതിർത്തിയിലെ കുരങ്ങിണിയിലും തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ഒട്ടേറെ നാശനഷ്ടമുണ്ടായി. മറയൂർ കോവിൽക്കടവിൽ ശക്തമായ മഴയിൽ വീടിന്റെ മതിൽ (സൺഷേഡ്) ഇടിഞ്ഞുവീണ് യുവാവിനു ഗുരുതരപരുക്ക്. കോവിൽക്കടവ് സ്വദേശി കൃഷ്ണനാണ് (46) പരുക്കേറ്റത്. കുരങ്ങിണിയിൽ കനത്ത മഴയിൽ മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 30 വർഷം മുൻപാണ് ഇത്ര ശക്തമായ മഴ പെയ്തതെന്ന് പ്രദേശത്തെ പഴമക്കാർ പറയുന്നു.

പെയ്തത് രണ്ടു മണിക്കൂർ, നഷ്ടം ഒട്ടേറെ
തിങ്കളാഴ്ച രാത്രി എട്ടര മുതൽ പത്തര വരെ പെയ്ത മഴയാണ് കോവിൽക്കടവിൽ നാശം വിതച്ചത്. മഴ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് കൃഷ്ണന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണത്. ഇതു ദേഹത്തേക്കു വീണു പരുക്കേറ്റ കൃഷ്ണനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട്ടിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ മീനാക്ഷിയും മക്കളായ മഹിതയും ലോകേഷും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപക മണ്ണിടിച്ചിലിൽ കോവിൽക്കടവിൽ 2 വീടുകളാണ് ഭാഗികമായി തകർന്നത്. 

ഗതാഗത തടസ്സം വ്യാപകം
മറയൂർ – കാന്തല്ലൂർ റോഡിൽ കീഴാന്തൂരിലും കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപവും പാറകൾ വീണു ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കീഴാന്തൂരിൽ റോഡരികിലുള്ള 2 വീടുകൾക്കു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മറയൂർ – മൂന്നാർ റോഡിൽ ചട്ടമൂന്നാറിൽ  മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. തൊഴിലാളികളും പ്രദേശവാസികളും മണ്ണ് നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. മറയൂർ – കാന്തല്ലൂർ മേഖലയിൽ മരം കടപുഴകി വീണ് വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീണു. തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി. ഇന്നലെ പകൽ മഴയ്ക്കു ശമനമുണ്ടായി. 

റോഡ് തകർന്നു
അത്യാഹിത ഘട്ടങ്ങളിൽ മറയൂർ – കാന്തല്ലൂർ മേഖലയിലേക്കെത്താൻ വട്ടവട പഞ്ചായത്തിലെ കൂടലാർ കുടി നിവാസികൾ ആശ്രയിച്ചിരുന്ന റോഡ് കനത്ത മഴയിൽ തകർന്നു. കൂടലാർ കുടിയിൽ നിന്നു മത്താപ്പു വഴി കാന്തല്ലൂരിലേക്ക് എത്തുന്ന വനത്തിലൂടെയുള്ള റോഡിൽ തമ്പുരാൻ കവല ഭാഗത്താണ് റോഡ് ഒലിച്ചുപോയത്. മഴ പെയ്ത സമയത്ത് മലഞ്ചെരിവിലെ കൂടലാർ, സ്വാമിയാർഅള, വത്സപ്പെട്ടി എന്നീ ആദിവാസി കുടികളിലുള്ളവർ ഭയത്തോടെയാണ് കഴിഞ്ഞുകൂടിയത്.  

ജീവൻ രക്ഷിച്ചത് അഗ്നിരക്ഷാ സേന
കുരങ്ങിണി മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ മലയിൽ കുടുങ്ങിയ 10 തൊഴിലാളികൾക്കു ജീവൻ തിരിച്ചുകിട്ടിയത് കൃത്യസമയത്ത് അഗ്നിരക്ഷാസേന എത്തിയതിനാൽ. കൊളുക്കുമല, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

തേനി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്ത മഴ പെയ്തു. ഇതെത്തുടർന്ന് പലസ്ഥലങ്ങളിലും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തൊഴിലാളികൾ ജോലിസ്ഥലത്ത് കുടുങ്ങുകയുമായിരുന്നു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ്, റവന്യു അധികൃതരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

മലവെള്ളപ്പാച്ചിലിന്റെ ഇടയിൽ പെട്ടുപോയ ജയപ്രകാശ് (50), രാജേന്ദ്രൻ (55), ഭാര്യ ലക്ഷ്മി (50), രാജ (55), ഭാര്യ വനം (40) എന്നിവരെ അഗ്നിരക്ഷാസേന കയർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാൽ തൊഴിലാളികൾ ഇവിടേക്കു പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കു സാധ്യത
തൊടുപുഴ ∙ ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകിട്ടോടെ ശക്തമായ മഴയെത്തി. അടിമാലി മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ഇടവിട്ട് ശക്തമായ മഴയായിരുന്നു. ഇതെത്തുടർന്ന്, കൊരങ്ങാട്ടിയിൽ പാടശേഖരത്തിലെ നെൽക്കൃഷി വെള്ളത്തിനടിയിലായി.

രാജകുമാരി മേഖലയിലും വൈകിട്ട് ശക്തമായ മഴ ലഭിച്ചു. അതേസമയം, ഹൈറേഞ്ചിന്റെ മറ്റു പലഭാഗങ്ങളിലും ഇന്നലെ നേരിയ തോതിൽ മാത്രമാണ് മഴ പെയ്തത്. ജില്ലയിൽ ഇന്ന് യെലോ അലർട്ടുണ്ട്. നാളെ ഓറഞ്ച് അലർട്ടും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. 

മറയൂരിൽ മോഷണം
കഴിഞ്ഞ ദിവസമുണ്ടായ മഴയുടെ മറവിൽ മറയൂർ മേഖലയിൽ വ്യാപക മോഷണം. മറയൂർ സഹായഗിരിയിൽ പള്ളി വക സ്ഥലത്തുനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വൻ ചന്ദനമരം മുറിച്ചു കടത്തി. മറയൂർ പട്ടിക്കാട് ഗണപതി ക്ഷേത്രത്തിൽ മഴയുടെ മറവിൽ ഭണ്ഡാരം പൊളിച്ച് പണം കവർന്നു.

മഴ ശക്തമായിരുന്നതിനാൽ ഭണ്ഡാര മോഷണം അറിഞ്ഞില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വർഷത്തിൽ ഒരിക്കൽ വിനായക ചതുർഥി ആഘോഷത്തിനാണ് ഭണ്ഡാരം തുറക്കുന്നതെന്നും അതിനാൽ നല്ലൊരു തുക ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും ക്ഷേത്ര പൂജാരി പഴനി സ്വാമിയും ഭരണസമിതി അംഗം രാജേന്ദ്രനും പറഞ്ഞു. 

കുണ്ടള ഡാമിലെ 2 ഷട്ടറുകൾ തുറന്നേക്കും
മൂന്നാർ ∙ കുണ്ടള ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ 2 ഷട്ടറുകൾ ഇന്നു രാവിലെ 11 മുതൽ തുറക്കാൻ സാധ്യതയുള്ളതായി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. കുണ്ടളയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com