മുറിവാലൻ കൊമ്പന്റെ ദേഹത്ത് 20 പെല്ലറ്റുകൾ; വെടിവച്ചത് ട്വൽവ് ബോർ തോക്കുകളുപയോഗിച്ച്
Mail This Article
രാജകുമാരി∙ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ദേഹത്തുനിന്നു പോസ്റ്റ്മോർട്ടത്തിനിടെ പെല്ലറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ആനയെ അപായപ്പെടുത്താനായി പെല്ലറ്റുപയോഗിച്ച് വെടിവച്ചതിന് വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 9 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് 20 പെല്ലറ്റുകൾ കണ്ടെത്തിയത്. 2 മുതൽ 4 മില്ലി മീറ്റർ വരെ വലുപ്പമുള്ള ഇരുമ്പ് പെല്ലറ്റുകളാണ് കണ്ടെത്തിയത്. എന്നാൽ ഈ പെല്ലറ്റുകൾ ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപിക്കാൻ തരത്തിലുള്ളവയല്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കരളിനേറ്റ പരുക്കും വാരിയല്ലുകൾ ഒടിഞ്ഞതുമാണ് മുറിവാലൻ കൊമ്പന്റെ മരണത്തിന് കാരണം.
എയർ ഗൺ അല്ല, ട്വൽവ് ബോർതോക്കുകളുപയോഗിച്ച് വെടിവച്ചത്
മുറിവാലൻ കൊമ്പന്റെ ദേഹത്ത് നിന്നും കണ്ടെത്തിയ പെല്ലറ്റുകൾ എയർഗണ്ണിൽ ഉപയോഗിക്കുന്നവയല്ലെന്നും ട്വൽവ് ബോർ ആക്‌ഷൻ തോക്കുകളിൽ ഉപയോഗിക്കുന്നവയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ. എയർഗൺ പെല്ലറ്റുകൾക്ക് കൃത്യമായ ആകൃതിയുണ്ട്. എന്നാൽ നായാട്ടുകാർ പക്ഷികളെ വേട്ടയാടാനായി ഉപയോഗിക്കുന്ന ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്ന തരം പെല്ലറ്റുകൾക്ക് കൃത്യമായ രൂപമില്ല.