എംഎൽഎ ഫണ്ട് രണ്ട് പദ്ധതികൾക്ക്; ഫയർ സ്റ്റേഷനും പഴുക്കാക്കുളം റോഡിനും 2.5 കോടി രൂപ വീതം
Mail This Article
തൊടുപുഴ ∙ മുതലക്കോടം-പഴുക്കാകുളം റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കാനും തൊടുപുഴ ഫയർ സ്റ്റേഷനു കെട്ടിടം നിർമിക്കാനും 2.5 കോടി രൂപ വീതം പി.ജെ.ജോസഫ് എംഎൽഎ അനുവദിച്ചു. മുതലക്കോടം-പഴുക്കാകുളം റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തദ്ദേശവാസികൾ നിവേദനം നൽകിയിരുന്നു. തൊടുപുഴ ഫയർ സ്റ്റേഷനു കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം മുണ്ടേക്കല്ലിൽ അനുവദിച്ചിരുന്നെങ്കിലും കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി കെട്ടിട നിർമാണം ഏറ്റെടുക്കാൻ ഫണ്ട് അനുവദിക്കാൻ എംഎൽഎ തീരുമാനിച്ചത്. മുണ്ടേക്കല്ലിൽ നിർദിഷ്ട സിവിൽ സ്റ്റേഷൻ അനക്സിന് സമീപത്താണു കെട്ടിടം നിർമിക്കുക. ഇവിടെ എംവിഐപി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫയർ സ്റ്റേഷൻ സിവിൽ സ്റ്റേഷൻ അനക്സ് നിർമിക്കുന്നതിനായി വെങ്ങല്ലൂർ വ്യവസായ പ്ലോട്ടിലേക്കു മാറ്റിയിരുന്നു. തൊടുപുഴ നിയോജക മണ്ഡലത്തിന് അനുവദിച്ച 7 കോടി രൂപയിൽ നിന്നാണ് ഈ രണ്ടു പ്രവൃത്തികൾക്കും എംഎൽഎ ഫണ്ട് അനുവദിച്ചതെന്ന് മുനിസിപ്പൽ കൗൺസിലർ ജോസഫ് ജോൺ അറിയിച്ചു.