പരുന്തുംപാറയിൽ ടേക് എ ബ്രേക് പദ്ധതി പ്രകാരം നിർമിച്ച ശുചിമുറി അടച്ചുപൂട്ടി; വിനോദ സഞ്ചാരികൾ പ്രതിസന്ധിയിൽ
Mail This Article
പീരുമേട് ∙ പരുന്തുംപാറയിൽ 'ടേക് എ ബ്രേക്' പദ്ധതി പ്രകാരം നിർമിച്ച ശുചിമുറി അടച്ചുപൂട്ടി. വിനോദ സഞ്ചാരികൾ പ്രതിസന്ധിയിൽ. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പരുന്തുംപാറയിൽ ശുചിമുറി നിർമിച്ചു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്. ഇതു സ്ത്രീകൾ ഉൾപ്പെടെ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാൽ രണ്ടു മാസത്തിലധികമായി ശുചിമുറി അടഞ്ഞു കിടക്കുകയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞു കിടക്കുന്നതാണു പ്രശ്നം.
സ്വകാര്യ റിസോർട്ടുകൾ, ഹോട്ടലുകൾ, പ്രദേശത്തെ വീടുകൾ എന്നിവിടങ്ങളിൽ എത്തി ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലാണ് സഞ്ചാരികൾ. പരുന്തുംപാറയിൽ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പഞ്ചായത്ത് അംഗം എ.രാമൻ പറഞ്ഞു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കും.