‘ഞങ്ങടെ പാർട്ടി ഭരിക്കുമ്പോൾ നോട്ടിസിൽ ഞങ്ങൾ ഒന്നാമതാകണം’; നേതാവിന്റെ പേര് രണ്ടാമതായി, സമരം
Mail This Article
തൊടുപുഴ ∙ ജില്ലാതല അധ്യാപക ദിനാഘോഷം നടത്തിയപ്പോൾ പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവിന്റെ പേര് ആദ്യം നോട്ടിസിൽ കൊടുത്തതിന്റെ പേരിൽ ഭരണാനുകൂല സംഘടനയുടെ സമരവും ഭീഷണിയും. കഴിഞ്ഞ 5ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷത്തിന്റെ നോട്ടിസിൽ പ്രതിപക്ഷ സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) നേതാവിന്റെ പേരാണ് ആദ്യം കൊടുത്തിരുന്നത്. രണ്ടാമതാണ് ഭരണാനുകൂല സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നേതാവിന്റെ പേര് കൊടുത്തത്. ഇതാണ് സംഘടനാ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
സ്കൂളിലെ സ്റ്റേജിനു മുന്നിൽ തന്നെ പ്രതിഷേധം അറിയിച്ച സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാതെ പോകുകയും പിന്നീട് ഡിഡിഇ ഓഫിസിൽ എത്തി ഇവർ പ്രതിഷേധിക്കുകയും ചെയ്തു. നോട്ടിസിൽ സംഘടന ഭാരവാഹികളുടെ പേരിൽ ആദ്യം കൊടുത്തിരുന്നത് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം.നാസറിന്റെ പേരും രണ്ടാമതായി കെഎസ്ടിഎ സംസ്ഥാന കൗൺസിൽ അംഗം എ.എം.ഷാജഹാന്റെ പേരുമാണ്. ഇതാണ് കെഎസ്ടിഎക്കാരെ ചൊടിപ്പിച്ചത്. തങ്ങളാണ് ഭരണാനുകൂല സംഘടനയാണെന്നും അതിനാൽ ഇത്തരം വേദികളിൽ ആദ്യസ്ഥാനം തങ്ങൾക്കു വേണമെന്നും ഇവർ ഡിഡിഇയോട് ആവശ്യപ്പെട്ടു. തുടർന്ന് വേദിക്കു താഴെവച്ചു തന്നെ ഡിഡിഇയെ പ്രതിഷേധം അറിയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീടാണ് ഡിഡിഇ ഓഫിസിൽ സമരം നടത്തിയത്.
വിദ്യാഭ്യാസവകുപ്പ് ആഘോഷങ്ങളും മേളകളും സംഘടിപ്പിക്കുമ്പോൾ അംഗീകാരമുള്ള അധ്യാപക സംഘടനകളുടെ യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന നിർദേശമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും എന്നാൽ അതിനു വിരുദ്ധമായി അധ്യാപക ദിനത്തോടനുബന്ധിച്ച് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിച്ച നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാടിനെതിരെയാണ് തങ്ങൾ സമരം നടത്തിയതെന്നും കെഎസ്ടിഎ അറിയിച്ചു.
അതേസമയം കെപിഎസ്ടിഎയുടെ സംസ്ഥാന സെക്രട്ടറിയും ആഘോഷം നടന്ന സ്കൂളിലെ അധ്യാപകനുമാണ് പി.എം.നാസറെന്നും അതിനാലാണ് ആദ്യം പ്രസംഗിക്കാൻ അവസരം നൽകിയതെന്നും സംഘാടകർ പറഞ്ഞു.പേര് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്ടിഎ ഡിഡിഇ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് എ.എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.