ഉപ്പേരിയില്ലാതെ എന്ത് ഓണം...! ഏത്തയ്ക്കാ ഉപ്പേരി വില കിലോ 400 രൂപ
Mail This Article
തൊടുപുഴ ∙ വർഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചി വൈവിധ്യങ്ങളിൽ മുൻപന്തിയിലാണ് വെളിച്ചെണ്ണയിൽ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. വീടുകളിൽ ഉപ്പേരി വറുക്കുന്നത് ഓണക്കാലത്തിന്റെ ആദ്യ തയാറെടുപ്പുകളിലൊന്നാണ്. ഓണമെത്തുന്നത് വിളിച്ചു പറയുന്നത് ഉപ്പേരിയുടെ ഗന്ധം കൂടിയാണ്. ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബേക്കറികളിലും മറ്റും ഉപ്പേരി കൂടുതലായി ഇടം പിടിച്ചുകഴിഞ്ഞു.
വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് (ചിപ്സ്) കിലോഗ്രാമിന് 400 – 420 രൂപ നിരക്കിലാണ് പല കടകളിലും വിൽപന. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ് വില. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ വില കുറയും; രുചിയും. ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയിലെ വിപണികളിലേക്കു വൻതോതിൽ വാഴക്കുലകൾ എത്തുന്നുണ്ട്. ഏത്തക്കായയ്ക്കു കിലോയ്ക്ക് 36 – 40 രൂപയാണ് മൊത്തവില. നേന്ത്രക്കായ വില കാര്യമായി കുറഞ്ഞെങ്കിലും ഉപ്പേരി വില കൈ പൊള്ളിക്കും. എങ്കിലും, ഓണത്തോടടുത്ത ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്നുറപ്പ്. പ്രത്യേകിച്ചും, തിരുവോണത്തിനു മുൻപുള്ള 4 ദിവസം. ഓണക്കാലത്തു ഗൾഫിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികളാണു പ്രധാന ‘മറുനാടൻ’ ഉപഭോക്താക്കൾ. ഓണമടുത്തതോടെ ശർക്കരവരട്ടിക്കും ആവശ്യക്കാരേറെയാണ്. കിലോഗ്രാമിനു 380 – 400 രൂപയാണ് വില.